ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസവും ലോകത്തെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ ഹാഷിം അംല ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം കൗണ്ടി ക്രിക്കറ്റില്‍ സജീവ സാന്നിധ്യമായിരുന്നു. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ സറേയ്ക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ഇതില്‍ നിന്നുകൂടി വിരമിച്ചതോടെ രണ്ടുപതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറാണ് 39 കാരനായ അംല അവസാനിപ്പിച്ചത്.
നീണ്ട കരിയറില്‍ എല്ലാ ഫോര്‍മാറ്റിലുമായി 34,104 റണ്‍സാണ് അംലയുടെ സമ്ബാധ്യം. 2004- 2019 വരെ നീണ്ട ടെസ്റ്റ് കരിയറില്‍ 124 മത്സരങ്ങളില്‍ 46.64 ശരാശരിയില്‍ 9,282 റണ്‍സും നേടി. ടെസ്റ്റ് റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക് കാലിസ്(13,206 റണ്‍സ്) മാത്രമേ അംലയ്ക്ക് മുന്നിലുള്ളൂ. ടെസ്റ്റില്‍ അംല 28 സെഞ്ചുറികള്‍ നേടിയപ്പോള്‍ 2012ല്‍ഇംഗ്ലണ്ടിനെതിരെ ഓവലില്‍ പുറത്താകാതെ നേടിയ 311* ആണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ആദ്യ ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ചുറിയും ഇതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
181 ഏകദിനങ്ങളില്‍ 49.46 ശരാശരിയില്‍ 27 സെഞ്ചുറികളോടെ 8,113 റണ്‍സും 44 രാജ്യാന്തര ട്വന്‍റി 20കളില്‍ 33.60 ശരാശരിയില്‍ 1277 റണ്‍സും അംല നേടി. ഏറ്റവും വേഗത്തില്‍ 25 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയതും അംലയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48.55 ശരാശരിയില്‍ 19,521 റണ്‍സും സ്വന്തമാക്കി. ഭാവിയില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായി അംല എത്താനിടയുണ്ട്. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ചിട്ടുണ്ട്.