തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്.ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ് കര്‍ണാടക നിര്‍ണായക ലീഡ് സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിം സ്കോറായ 342 റണ്‍സിന് മറുപടിയായി കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തിട്ടുണ്ട്. 39 റണ്‍സുമായി ശ്രേയസ് ഗോപാലും ഒൻപത് റണ്‍സോടെ ബി ആര് ശരത്തുമാണ് ക്രീസില്‍. 208 റണ്‍സ് നേടിയാണ് മായങ്ക് അഗര്‍വാള്‍ പുറത്തായത്.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന കര്‍ണാടക മൂന്നാം ദിനം കരുതലോടെയാണ് തുടങ്ങിയത് മായങ്കിനൊപ്പം നിഖിന്‍ ജോസും പിടിച്ചു നിന്നതോടെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി കര്‍ണാടകയെ സമ്മര്ദ്ദത്തിലാക്കാമെന്നകേരളത്തിന്റെ മോഹം പൊലിഞ്ഞു. നാലാം വിക്കറ്റില്‍ മായങ്കും നിഖിന്‍ ജോസും ചേര്‍ന്ന് 142 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കര്‍ണാടകയെ കരകയറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ നിഖിന്‍ ജോസിനെ(54) പുറത്താക്കി അക്ഷയ് ചന്ദ്രന് കേരളത്തിന് മൂന്നാം ദിനത്തിലെ ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. നേരിട്ട ആദ്യ പന്തില്‍ മനീഷ് പാണ്ഡെയെ ജലജ് സക്സേന പുറത്താക്കിയതോടെ കേരളത്തിന് ലീഡ് പ്രതീക്ഷയായി. എന്നാല്‍ മായങ്കിനൊപ്പം ശ്രേയസ് ഗോപാല്‍ പിടിച്ചു നിന്നതോടെ കേരളത്തിന്റെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡബിള്‍ സെഞ്ചുറിക്ക്പിന്നാലെ മായങ്കിനെ(208) വൈശാഖ് ചന്ദ്രന് പുറത്താക്കിയെങ്കിലും കര്‍ണാടക കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് തൊട്ട് അടുത്തെത്തിയിരുന്നു.
ഇന്നലെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ സമര്‍ഥിനെ(0) നഷ്ടമായെങ്കിലും മായങ്ക് അഗര്‍വാളും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കര്‍ണാടകയെ 91 റണ്‍സിലെത്തിച്ചു. 29 റണ്‍സെടുത്ത ദേവ്ദത്തിനെ മടക്കി എം ഡി നിഥീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും നാലാം നമ്ബറിലിറങ്ങിയ നിഖിന്‍ ജോസ് മായങ്കിന് മികച്ച കൂട്ടായതോടെകേരളത്തിന് കൂടുതല്‍ വിക്കറ്റ് വീഴ്ത്തി കര്‍ണാടകയെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നില്ല.
അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്റുമായി കേരളത്തിന്റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.