തിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. മറ്റോരാളുമായി വിവാഹം കഴിക്കുന്നതിനായി കാമുകനായ ഷാരോണിന് ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രം.ഒന്നാം പ്രതി ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85-മത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നല്‍കുന്നത്. 2022 ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഗ്രീഷ്മ , ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്.
ആദ്യം സാധാരണ മരണമാണെന്ന് കരുതിയിരുന്നതെങ്കിലും പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അതേമാസം 25ന് ഷാരോണ്‍ മരിക്കുകയും ചെയ്തു. 10 മാസത്തെ ആസുത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊലപാതകം നടത്തിയത് മകളാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചെന്ന് പൊലിസ് കുറ്റപത്രത്തിലുണ്ട്. കൊലപാതകം തെളിവു നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനുപുറമേ വശീകരിച്ചുള്ള തട്ടികൊണ്ടുപോകലും ചുമത്തിയിട്ടുണ്ട്.