തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കു തുടർ ചികിത്സ നിഷേധിക്കുന്നതായി ആരോപിച്ചും, ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം. ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് വി.ചാണ്ടിയും, അൻപതോളം ബന്ധുക്കളും ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരിക്കുന്നത്.
നിവേദനം ഇങ്ങനെ –
വിഷയം – മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നത് സംബന്ധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിവേദനം
ശ്രീ ഉമ്മൻചാണ്ടിയുടെ ആരോഗ്യ സംബന്ധിച്ചു അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ.
2015 ൽ ആരംഭിച്ച അർബുദ ബാധ ക്രമാതീതമായി വഷളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ ആശങ്ക ഉളവാക്കുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നു.
കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അമേരിക്കയിലും, ദുബായിയിലും സിഎംസി വെല്ലൂർ, ജർമ്മനി, എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗനിർണ്ണയം നടന്നതല്ലാതെ രോഗത്തിനുള്ള ചികിത്സ നാളിതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.
ജർമ്മിനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ബംഗ്ലൂരുവിലെ എച്ച്സിജി ആശുപത്രിയിൽ ഡോ.വിശാൽ റാവുവിന്റെ നേതൃത്വത്തിൽ തുടർ ചികിത്സയ്ക്ക് വിധേയനായി ജനുവരി മാസം ആദ്യം തിരുവനന്തപുരത്ത് മടങ്ങിയെത്തി. എന്നാൽ, വീണ്ടും തുടർ ചികിത്സയ്ക്ക് മടങ്ങേണ്ട അദ്ദേഹത്തെ നാളിതുവരെ ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിൽ തിരികെ എത്തിച്ചിട്ടില്ല. അദേഹത്തിന് അടിയന്തര ചികിത്സ ആവശ്യമുള്ളതിനാൽ ഓരോ നിമിഷവും വിലപ്പെട്ടത്താണ്. അനുനിമിഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തത് നമ്മുടെ സംസ്ഥാനത്തിന് തന്നെ അപമാനകരമാണ്. ബഹുമാന്യനായ കേരള മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് വേണ്ട നിർദേശങ്ങൾ ലഭിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉമ്മൻചാണ്ടിയ്ക്ക് ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച ചികിത്സ അടിയന്തരമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.