തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകും. തിരുവനന്തപുരം കോര്‍പറേഷൻ നൽകിയ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 3 സെന്‍റിൽ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകണം.
സബ്സിഡി വ്യവസ്ഥകൾക്ക് വിധേയമായി കോർപറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുക. ജോയിയുടെ കുടുംബത്തിന് നേരത്തെ പത്ത് ലക്ഷം രൂപ കേരള സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ 13 ന് രാവിലെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ, കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു.
48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തിൽ തടഞ്ഞ് നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.