ന്യൂഡൽഹി : അത്യന്തം നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ രാജ്യവ്യാപക പ്രതിഷേധത്തിന് എ.എ.പി. ബി.ജെ.പി ഓഫീസുകള്‍ക്ക് മുന്നിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡല്‍ഹിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. രാവിലെ പത്ത് മണിക്ക് ബി.ജെ.പി ആസ്ഥാനത്താണ് എ.എ.പിയുടെ പ്രതിഷേധത്തിന് തുടക്കം. തുടർന്ന് രാജ്യത്തെമ്പാടും പ്രതിഷേധ സമരം നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ മുന്നണിയുടെ പ്രമുഖ നേതാവിനെ ഇ.ഡി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം തന്നെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് കെജ്രിവാളിന്റെ കുടുംബത്തെ സന്ദർശിക്കുന്നുണ്ട്. ഇതിനിടെ, അറസ്റ്റിനെതിരേ കെജ്രിവാള് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കും. കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
എന്നാല്‍, രാജിവെക്കില്ലെന്നും ജയിലില്‍കിടന്ന് ഭരണം നടത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എ.എ.പി പ്രതികരിച്ചത്. ഇതോടെയാണ് പ്രതിഷേധവുമായി ബിജെപി എത്തിയത്. ജയിലില്‍ കിടന്ന് ഭരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലെന്നുമാണ് ബിജെപിയുടെ ആവശ്യം.