ദില്ലി: എഞ്ചിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുള്‍ റാഷിദ് ഷെയ്ഖിന് കസ്റ്റഡി ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. അവാമി ഇത്തേഹാദ് പാര്‍ട്ടി സ്ഥാപകനും ജമ്മു-കശ്മീരിലെ ബരാമുള്ള മണ്ഡലത്തിലെ എംപിയുമാണ് എഞ്ചിനീയര്‍ റാഷിദ്. തീവ്രവാദ ഫണ്ടിങ് കേസില്‍ 2019 ല്‍ അറസ്റ്റിലായ റാഷിദ് നിലവില്‍ തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരനാണ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി ജാമ്യമാണ് കോടതി അനുവദിച്ചത്.
എംപി ആയതിനു ശേഷം എന്‍ഐഎ കോടതി തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അനിശ്ചിതത്വത്തിലാണെന്നും ഇടക്കാലാശ്വാസം എന്ന നിലയില്‍ കസ്റ്റഡി ജാമ്യം അനുവദിക്കണം എന്നുമാണ് റാഷിദ് കോടതിയോട് ആവശ്യപ്പെട്ടത്.
ഫെബ്രുവരി 11,13 തീയതികളില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാം എന്ന് ജസ്റ്റിസ് വികാസ് മഹാജന് ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കി. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, മാധ്യമങ്ങളെ കാണാന്‍ പാടില്ല എന്നിങ്ങനെയുള്ള കര്‍ശന നിയന്ത്രണങ്ങളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംപി അബ്ദുള്‍ റാഷിദിന് അവകാശമില്ലെന്ന് എന്‍ഐഎ കൗണ്‍സില്‍ കോടതിയില്‍ ശക്തമായി വാദിച്ചു. സായുധരായ പൊലീസുകാര്‍ക്ക് കോടതി വളപ്പിലേക്ക് പ്രവേശനം ഇല്ലെന്നും റാഷിദിന് കസ്റ്റഡി പരോള്‍ അനുവദിച്ചാല്‍ ഇത് ലംഘിക്കപ്പെടുമെന്നും എന്‍ഐഎ കൗണ്‍സില്‍ പറഞ്ഞു. എന്നാല്‍ എംപി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള റാഷിദിന്റെ അവകാശം കോടതി പരിഗണിക്കുകയാണ് ചെയ്തത്.