പാലക്കാട്: പാലക്കാട് വഖഫ് ഭൂമിയില്ലെന്ന് മന്ത്രി വി അബ്‍ദുറഹ്മാൻ. മറിച്ചുള്ള പ്രചാരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞു. ഒരു കേന്ദ്ര മന്ത്രിക്ക് ചേരാത്ത പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയതെന്നും മന്ത്രി പറഞ്ഞു.
മുനമ്പം പ്രശ്നത്തില്‍ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അവിടെ കുടിയൊഴിപ്പിക്കല്‍ ഒരിക്കലും ഉണ്ടാകില്ല. അത്തരം ആരോപണങ്ങള്‍ തെറ്റാണ്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തു. നികുതി സ്വീകരിക്കുന്നതില്‍ വിലക്കേർപ്പെടുത്തിയത് സർക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വഖഫിലെ വിവാദപ്രസ്താവനയില്‍ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വർഗീയ പരാമർശമുണ്ടെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആർ ആണ് പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പോള്‍ കാണാനില്ല. മുനമ്പത്തേ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സമാനമായ പരാമർശമാണ് വഖഫ് ഭൂമി വിഷയത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും നടത്തിയത്. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാല്‍ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യധീനപ്പെട്ട് പോകാതിരിരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തില്‍ ഗോപാലക്കൃഷ്ണൻ പ്രസംഗിച്ചത്.