കോട്ടയം: എം.സി റോഡിൽ ചൂട്ടുവേലിയിൽ വാഹനാപകടം. നിർത്തിയിട്ട ലോറിയ്ക്കു പിന്നിൽ കണ്ടെയ്‌നറിടിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച അർദ്ധരാത്രിയിൽ 1.45 ഓടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ലോഡുമായി വരികയായിരുന്നു കണ്ടെയ്‌നർ ലോറി. ഈ സമയത്താണ് കോഴിയുമായി എത്തിയ ലോറി ബ്രേക്ക് ഡൗണായി റോഡരികിൽ നിർത്തിയിട്ടിരുന്നത്. കോഴിയെ ലോറിയിൽ നിന്നു മാറ്റിയിരുന്നു. ബ്രേക്ക് ഡൗണായി റോഡിൽ കിടക്കുന്ന ലോറിയെ മറികടക്കാൻ കണ്ടെയ്‌നർ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കണ്ടെയ്‌നർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നിരങ്ങി നീങ്ങിയ ലോറി സമീപത്തെ ദിശാബോർഡും തകർത്തു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. രണ്ടു ലോറികളും റോഡിനു നടുവിൽ നിന്നും നീങ്ങിയിട്ടില്ല.