കോട്ടയം : നൈറ്റ് ഡ്യൂട്ടിക്ക് ശേഷം അവശനും ക്ഷീണിതനുമായി ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴി അപകടത്തിൽ മരിച്ച പോലീസുകാരന്റെ രക്തസാക്ഷിത്വം എങ്കിലും അധികൃതരുടെ കണ്ണ് തുറപ്പിക്കുമോ ! അശാസ്ത്രീയവും അപരിഷ്കൃതവുമായ പോലീസ് ഡ്യൂട്ടി സംവിധാനത്തിന്റെ ഇരയായാണ് രാമപുരം പോലീസ് ഗ്രേഡ് എസ് ഐ റെജികുമാർ മരിച്ചു വീഴുന്നത്.വിവിധ അസുഖങ്ങളായി ആരോഗ്യം ഏറ്റവും മോശമായിരുന്നിട്ട് പോലും റെജി കുമാറിനെ രാത്രി ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്താൻ ഉന്നതന്മാർ തയ്യാറായില്ല.
എത്ര അസുഖ ബാധിതനാണെങ്കിലും ഒബൈ ദ ഓർഡർ ദെൻ കയിന്റ് എന്ന പട്ടാള ചിട്ടയിൽ റെജികുമാർ പിടഞ്ഞു വീഴുകയായിരുന്നു. പൊൻകുന്നം നെടുംകുന്നം കോവേലി ഭാഗത്ത് ആര്യാട്ടുകുന്നേൽ റെജി കുമാറിന് രാമപുരം പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്കായി ദിനംപ്രതി സഞ്ചരിക്കേണ്ടി വന്നിരുന്നത് 33 കിലോമീറ്ററുകൾ ആയിരുന്നു. ഷുഗറും പ്രഷറും കൊളസ്ട്രോളും അടക്കമുള്ള ജീവിത ശൈലി രോഗങ്ങളും മറ്റ് ശാരീരിക പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ഈ അസുഖങ്ങളും മോശം ആരോഗ്യ സ്ഥിതിയും അവഗണിച്ച് വേണമായിരുന്നു ഇദ്ദേഹത്തിന് പൊൻകുന്നത്ത് നിന്നും രാമപുരം വരെ ദിവസവും ബൈക്കിൽ സഞ്ചരിക്കാൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി ഡ്യൂട്ടിക്ക് ശേഷം രാമപുരത്തു നിന്നും ഒരുപോള കണ്ണ് അടയ്ക്കാതെയാണ് മിക്ക ദിവസങ്ങളിലും റെജി വീട്ടിലേക്ക് മടങ്ങിയിരുന്നത് വീട്ടിലെത്തി ഒന്ന് തലചായ്ക്കാം എന്ന പ്രതീക്ഷയിൽ ബൈക്കിന്റെ ചക്രങ്ങൾ ഉരുളുമ്പോൾ ഒന്ന് മയങ്ങി പോയാൽ ആർക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് റെജികുമാറിന്റെയും ജീവനെടുത്തത്. സ്വന്തം വീട്ടിൽ നിന്നും കിലോമീറ്ററുകൾ ദൂരമുള്ള പോലീസ് സ്റ്റേഷനിൽ രാത്രിയെന്നോ പകൽ എന്നോ വ്യത്യാസം ഇല്ലാതെ ഓടി ഇറങ്ങുന്ന പൊലീസികാരെ അപകടമെന്ന ഈ ദുർഭൂതം കണ്ണ് മിഴിച്ചു നോക്കുന്നു.അശാസ്ത്രീയമായി പോലീസുകാരെ പണിയെടുപ്പിക്കുന്ന ഈ പോലീസുകാർ മനുഷ്യരാണെന്ന് ചിന്തിക്കാത്ത ഒരു വിഭാഗം ഉന്നതരുടെ സമ്മർദ്ദങ്ങളാണ് ഇത്തരം മരണങ്ങൾ ആവർത്തിക്കുന്നതിന് ഇടയാക്കുന്നത്.