കോട്ടയം: നീലിമംഗലം പാലത്തിൽ ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതി കെ.എസ്.ടി.പി അധികൃതർ തന്നെയെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. കോട്ടയം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പാലത്തിലുണ്ടായിരുന്ന കുഴിയും, ഈ കുഴിയിൽ നിന്നും പുറത്തേയ്ക്കു നീണ്ടു നിന്ന കമ്പിയുമാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഓ ടോജോ എം.തോമസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പരാമർശമുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തിന് ദൃക്സാക്ഷികളുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വാഹനം വരുമ്പോഴാണ് കുഴിയുള്ളത്. ഓട്ടോറിക്ഷ വന്നത് ഈ വഴിയിലൂടെയായിരുന്നുഈ സാഹചര്യത്തിൽ ഓട്ടോറിക്ഷ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോൾ, ഡ്രൈവറുടെ കണക്ക് കൂട്ടൽ തെറ്റുകയും അപകടം ഉണ്ടാകുകയുമായിരുന്നതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ കണക്ക് കൂട്ടുന്നു. ഇത് കൂടാതെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ബസിനു മുന്നിലേയ്ക്കു പാഞ്ഞു കയറി അപകടത്തിൽപ്പെട്ടതായും മോട്ടോർ വാഹന വകുപ്പ് നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോഡിലുണ്ടായ കുഴി തന്നെയാണ് അപകടത്തിൽ വില്ലനായതെന്നാണ് മോട്ടോർ വാഹന വകുപ്പ് സംശയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ റോഡിലുണ്ടായിരുന്ന കുഴി, അടയ്ക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നിരവധി തവണ കെ.എസ്.ടി.പി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇടയ്ക്ക് എത്തി ഇവർ കോൺക്രീറ്റ് ഇട്ട് കുഴി അടച്ചശേഷം പൊതുമരാമത്ത് വകുപ്പ് അധികൃതർ മടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ കുഴി അടയുന്നുണ്ടായിരുന്നില്ല. വാഹനങ്ങൾ കടന്നു പോകുമ്പോൾ കോൺക്രീറ്റ് ഇളകിത്തെറിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ റോഡിലെ കുഴി വർദ്ധിക്കാൻ കാരണമായത്. റോഡിലെ ഗതാഗതം 14 ദിവസമെങ്കിലും നിരോധിച്ച് കോൺക്രീറ്റ് ചെയ്തെങ്കിൽ മാത്രമേ പാലത്തിലെ അപകടക്കെണി ഒഴിവാക്കാൻ സാധിക്കൂ.