തിരുവനന്തപുരം: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എക്സൈസ് കമ്മീഷണർ ഓഫീസില്‍ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനില്‍കുമാർ എന്നിവരോട് ഇന്ന് തിരുവനന്തപുരത്തെത്താനാണ് നിർദേശം നല്‍കിയിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഡിസംബർ 28നാണ് യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരെ കുട്ടനാട് എക്സൈസ് കഞ്ചാവ് കേസെടുത്തത്. യു പ്രതിഭയുടെ മകൻ കനിവ് ഉള്‍പ്പടെ ഒൻപത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടിരുന്നു. വാർത്തപുറത്ത് വന്നതോടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയിരുന്നു. വ്യാജവാർത്തയെന്നും മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, എംഎല്‍എയുടെ വാദം തള്ളുന്നതായിരുന്നു എഫ്‌ഐആറിലെ വിവരങ്ങള്‍. കേസില്‍ ഒൻപതാം പ്രതിയാണ് കനിവ്. എൻഡിപിഎസ് ആക്‌ട് 25 ബി, 27 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കനിവ് ഉള്‍പ്പടെ ഒൻപത് പേർക്കെതിരെ കേസെടുത്തത്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്‌ഐആർ ചുമത്തിയിരിക്കുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.