ഈ വർഷം ജൂൺ മൂന്നിന് പ്രദർശനത്തിനെത്തി തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ കമൽഹാസന്റെ ഗംഭീര പ്രകടനം പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് ബോക്സ് ഓഫീസിലും വിക്രം മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ നടൻ ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ഏഷ്യാനെറ്റിലാണ് വിക്രത്തിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടക്കുക. നവംബർ 6 ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ചാനലിൽ സിനിമ സംപ്രേഷണം ചെയ്യും. അതേസമയം, വിഖ്യാതമായ ബുസൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ‘വിക്രം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒക്ടോബർ അഞ്ച് മുതൽ 14 വരെ നടന്ന ബുസാൻ അന്താരാഷട്ര ചലച്ചിത്രോത്സവത്തിൽ ഓപ്പൺ സിനിമാ കാറ്റഗറിയിലാണ് ‘വിക്രം’പ്രദർശിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമൽ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ൻ എന്നിവരും വിക്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രത്തിന്റെ നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിൻ രാജ്, സംഘട്ടന സംവിധാനം അൻപറിവ്, കലാസംവിധാനം എൻ സതീഷ് കുമാർ, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാർ, നൃത്ത സംവിധാനം സാൻഡി.
അതേസമയം, കമൽഹാസൻ-ഷങ്കർ കൂട്ടുകൊട്ടിൽ പുറത്തിറങ്ങി ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ഇന്ത്യൻറെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2019ൽ ആരംഭിച്ചുവെങ്കിലും പകുതിയിൽ നിർത്തേണ്ടി വന്നിരുന്നു. ഒരിടവേളക്ക് ശേഷം അടുത്തിടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്. 200 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായികയായി എത്തുന്നത്.