പേരിലെ വ്യത്യസ്തത കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്. മലയാള സിനിമ ഇതുവരെ കാണാത്ത കഥയും ആഖ്യാനവുമായെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രത്തിൽ, ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ബേക്സ് ഓഫീസിലും തിളങ്ങിയ ചിത്രം നാലാം വാരത്തിലേക്ക് എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.
‘സിനിമാറ്റിക് മിത്തുകളെ പുനർനിർവചിക്കുന്നു’, എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. മോഹൻലാലിന്റെ മോൺസ്റ്റർ, നിവിൻ പോളിയുടെ പടവെട്ട്, ഐശ്വര്യ ലക്ഷ്മിയുടെ കുമാരി, ബേസിലിന്റെ ജയ ജയ ജയ ജയ ഹേ, റിഷഭ് ഷെട്ടിയുടെ കാന്താര തുടങ്ങിയ പുത്തൻ റിലീസുകൾക്കിടയിലും മികച്ച പ്രതികരണം നേടിയാണ് റോഷാക്ക് മുന്നേറി കൊണ്ടിരിക്കുന്നത്. നാലാം വാരത്തിൽ എത്തി നിൽക്കുന്ന ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘മലയാള സിനിമയിൽ ആരും വിചാരിക്കാത്ത കഥ. അതിശയകരമായി രൂപകല്പന ചെയ്തതും അസാധാരണമായി നിർവ്വഹിച്ചതും, കൂടെ വന്നവരും പിന്നീട് വന്നവരും ഔട്ട് ലുക്ക് ആന്റണി മുന്നോട്ട് തന്നെ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒക്ടോബർ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീർ അബ്ദുൾ ആണ്.
അതേസമയം, മമ്മൂട്ടിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ, ഏജന്റ് എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷം നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.