നടിയെ അക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി പിന്‍വലിച്ച് ദിലീപ്; വിചാരണ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പിന്നീട് കോടതിയെ സമീപിക്കാന്‍ ദിലീപിന് അനുമതി നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതല്‍ഹര്‍ജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയത്. ഈ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി. വര്‍ഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.

Advertisements

വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നല്‍കി.സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രണ്‍ജിത് കുമാര്‍ ദിലീപിന്റെ ഹര്‍ജി നിലവില്‍ അപ്രസക്തമാണെന്ന് കോടതിയില്‍ വാദിച്ചു. വിചാരണക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരേ പിന്നീട് കോടതിയെ സമീപിക്കാന്‍ ദിലീപിന് അനുമതി നല്‍കുന്നതിനെയും രഞ്ജിത്ത് കുമാര്‍ എതിര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പ് സുപ്രീം കോടതി അംഗീകരിച്ചില്ല.

Hot Topics

Related Articles