ദില്ലി: കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ്‍ സിംഗ് തൻ്റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്തതിന് മുതിർന്ന നടിയും രാഷ്ട്രീയക്കാരിയുമായ ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, ദയവായി,” എന്ന് പറഞ്ഞായിരുന്നു ഹരിവംശ് നാരായണ്‍ ജയ ബച്ചനെ സഭയില്‍ സംസാരിക്കാൻ വിളിച്ചത്. “സർ, എന്നെ ജയ ബച്ചൻ എന്ന് വിളിച്ചാല്‍ മതിയായിരുന്നു” എന്ന് ഉടന്‍ ജയ ബച്ചൻ പ്രതികരിച്ചു.
പാർലമെൻ്റിൻ്റെ രേഖകളില്‍ ജയ അമിതാഭ് ബച്ചൻ എന്നാണ് തൻ്റെ പേര് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിവംശ് നാരായണ്‍ സിങ് ചൂണ്ടിക്കാട്ടി. “താങ്കളുടെ മുഴുവൻ പേര് ഇവിടെ എഴുതിയിട്ടുള്ളത് അതാണ്. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ വിളിച്ചത്” മിസ്റ്റർ സിംഗ് പറഞ്ഞു. “ഇത് ഒരു പുതിയ കാര്യമാണ്, സ്ത്രീകള്‍ അവരുടെ ഭർത്താക്കന്മാരുടെ പേരില്‍ അംഗീകരിക്കപ്പെടണമെന്നത്. അവർക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ലെ” എന്ന് ജയ ബച്ചൻ തന്റെ പ്രസംഗത്തിന് മുന്നോടിയായി പറഞ്ഞു.