മലയാളത്തിൽ വീണ്ടും കാസ്റ്റിംഗ് കാൾ തട്ടിപ്പ്. ജയിലർ 2 എന്ന ചിത്രത്തിൽ നടൻ രജിനികാന്തിന്റെ ഭാര്യാ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യാമെന്ന വ്യാജേന ആണ് കാസ്റ്റിംഗ് കാൾ നടന്നത്. നടി ഷൈനി സാറയാണ് വ്യാജ കാസ്റ്റിംഗ് കോളിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തുവന്നത്. നടി മാല പാർവതിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് വീഡിയോ പുറത്തുവിട്ടത്.
‘സുരേഷ് കുമാർ കാസ്റ്റിംഗ്സ് എന്ന ഏജൻസിയാണ് ജയിലറിലേക്ക് ഒരു വേഷമുണ്ടെന്ന് പറഞ്ഞ് എന്നെ ബന്ധപ്പെടുന്നത്. തുടർന്ന് ഞാൻ തെരഞ്ഞെടുക്കപ്പെട്ടെന്ന് പറയുകയും ഒരു വീഡിയോ കാൾ വഴി ഇന്റർവ്യൂ നടത്തുകയും ചെയ്തു. വളരെ മാന്യമായി ആയിരുന്നു അവർ പെരുമാറിയത്. എന്നെ തെരഞ്ഞെടുത്തു എന്ന് പറഞ്ഞുകൊണ്ട് ഒരു ഇ മെയിലും അവർ അയച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ അതിന് ശേഷം അവർ എന്നോട് ആർട്ടിസ്റ്റ് കാർഡ് ഉണ്ടോയെന്ന് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ആർട്ടിസ്റ്റ് കാർഡ് എടുക്കണമെന്നും അതിനായി 12500 രൂപ അടയ്ക്കണം എന്നും പറഞ്ഞു. എന്നാൽ രണ്ട് ദിവസത്തെ സാവകാശം വേണമെന്ന് പറഞ്ഞപ്പോൾ പകുതി പൈസ ഇപ്പോൾ അയക്കാൻ അവർ പറഞ്ഞു. അതിൽ സംശയം തോന്നിയ ഞാൻ ലിജോമോളിനെയും മാല പർവതിയെയും വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല.
പിന്നീട് മാല പാർവതി എന്നെ വിളിച്ച് ഇത് തട്ടിപ്പ് ആണെന്നും അങ്ങനെ ഒരു ആർട്ടിസ്റ്റ് കാർഡ് ഇല്ല എന്നും പറഞ്ഞു. കാസ്റ്റിംഗ് കോളിന്റെ എല്ലാ സ്ക്രീൻ ഷോട്ടുകളും എന്റെ കൈയ്യിൽ ഉണ്ടായിരുന്നു. അത് ഞാൻ പുള്ളിക്കാരിക്ക് അയച്ചുകൊടുത്തു. മാല പാർവതി ഉടൻ തമിഴിൽ വർക്ക് ചെയ്യുന്ന തേനപ്പൻ എന്ന ആളെ വിളിച്ചപ്പോൾ ഇത്തരം ഒരു കാസ്റ്റിംഗ് നടന്നിട്ടില്ലെന്ന് അവർ പറഞ്ഞു’, ഷൈനി സാറ വീഡിയോയിൽ പറയുന്നതിങ്ങനെ.
സുരേഷ് കുമാർ കാസ്റ്റിംഗ്സ്. നെൽസണിന്റെ ജയിലർ 2-ൽ ഗംഭീര വേഷം. ഷൂട്ട് ഷെഡ്യൂൾ, വേണ്ട ഡേറ്റുകൾ, റെമ്യൂണറേഷൻ അടക്കം സകല ഡിറ്റെയിൽസും. ഒരേ ഒരു തടസ്സം ആർട്ടിസ്റ്റ് കാർഡാണ് പോലും.12500 രൂപ അടയ്ക്കണം. 7535801976 – ഈ നമ്പറിൽ നിന്നാണ് കോൾ. ഷൈനി സാറയ്ക്ക് കിട്ടിയ കള്ള കോൾ, ഷൈനി തിരിച്ചറിഞ്ഞു.
തട്ടിപ്പാണ് എന്ന് വേണ്ടപ്പെട്ടവരെ വിളിച്ച് തിരക്കി ഉറപ്പ് വരുത്തുകയും ചെയ്തു. സുരേഷ് കുമാർമാർ കറങ്ങി നടപ്പുണ്ട്. ജാഗ്രതൈ! തമിഴിൽ അഭിനയിക്കാൻ ഇങ്ങനെ ഒരു കാർഡും ആവശ്യമില്ല. ഷൈനി രക്ഷപ്പെട്ടു’, എന്ന ക്യാപ്ഷനോടെയാണ് മാല പാർവതിയുടെ പ്രൊഫൈലിൽ നിന്നും ഷെെനി സാറയുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചിട്ടുള്ളത്.