മുംബൈ : സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രസ് ഫോട്ടോഗ്രഫിക്കെതിരെ നടി ആലിയ ഭട്ട്. സംഭവത്തില്‍ നടി നേരിട്ട അസൗകര്യത്തെക്കുറിച്ച് പരാതി സമര്‍പ്പിക്കണമെന്ന് ബാന്ദ്രാ പോലീസ് ആവശ്യപ്പെട്ടു. പാപ്പരാസികള്‍ക്കെതിരെ തുറന്നടിച്ച് ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണിത്.
നടി വീട്ടിലിരിക്കുന്ന ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയതോടെ തന്റെ അതൃപ്തി അവര്‍ അറിയിച്ചിരുന്നു. ആലിയ താമസിക്കുന്ന ഫ്‌ളാറ്റിന്റെ തൊട്ടടുത്ത ടെറസില്‍ ഒളിച്ചിരുന്നാണ് പാപ്പരാസികള്‍ താരത്തിന്റെ ചിത്രം പകര്‍ത്തിയത്. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിച്ച് നല്‍കാന്‍ കഴിയില്ലെന്ന് ആലിയ വ്യക്തമാക്കി. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചതോടെ സംഭവം വിവാദമാവുകയും ചെയ്തു. മുംബൈ പോലീസിനെ ടാഗ് ചെയ്യുന്നതായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“എന്റെ വീട്ടിലിരിക്കുകയായിരുന്നു ഞാന്‍. ഉച്ചതിരിഞ്ഞ് സാധാരണയായുള്ള ഇരിപ്പ്.. സ്വീകരണമുറിയിലായിരുന്നു ഞാന്‍.. ആരോ നിരീക്ഷിക്കുന്നുണ്ട് എന്ന് തോന്നി. തലയുയര്‍ത്തി നോക്കിയപ്പോള്‍ സമീപത്തെ ടെറസില്‍ ക്യാമറയുമായി രണ്ടുപേര്‍ നില്‍ക്കുന്നത് കണ്ടു. ഇത് ശരിയാണെന്ന് കരുതുന്നുണ്ടോ? എല്ലാത്തിനും ഒരു അതിരുണ്ട് ” ഇതായിരുന്നു നടിയുടെ പോസ്റ്റ്. തുടര്‍ന്ന് സംഭവത്തില്‍ പരാതി സമര്‍പ്പിക്കാന്‍ നടിയോട് ആവശ്യപ്പെടുകയായിരുന്നു പോലീസ്.