നടൻ , നല്ലൊരു കർഷകൻ : സ്വാഭാവിക നടനായും വില്ലൻ കഥാപാത്രങ്ങളായും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ മേഘനാഥന് വിട !

പാലക്കാട് : സ്വാഭാവിക നടനായും വില്ലൻ കഥാപാത്രങ്ങളായും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടിയ മേഘനാഥന് വിട. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അഭിനയിച്ച സിനിമകളില്‍ മിക്കതിലും നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നെങ്കിലും ആ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകർ എന്നും ഓർമിക്കും. അമ്ബതിലേറെ മലയാളസിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പ്രശസ്ത നടൻ ബാലൻ കെ.നായരുടെ മകനായ മേഘനാഥൻ ഒരു കർഷകൻ കൂടിയായിരുന്നു.അസ്ത്രം എന്ന സിനിമയിലൂടെയായിരുന്നു മേഘനാഥന്റെ അരങ്ങേറ്റം. ബാലൻ കെ.നായരുടെ മകനായതിനാല്‍ തന്നെ സിനിമയില്‍ വരുന്നതിന് മുമ്ബേ മേഘനാഥന് ഒരുവിധം സംവിധായകരെയെല്ലാം അറിമായിരുന്നു.

Advertisements

സ്കൂളില്‍ പഠിക്കുമ്ബോള്‍ സ്കൂളിന് സമീപത്തെ പി.എൻ. മേനോന്റെ വീട്ടില്‍നിന്നായിരുന്നു അദ്ദേഹത്തിന്റെ ഉച്ചഭക്ഷണം. സംവിധായകനും പരസ്യകലാ രംഗത്ത് സജീവമായ ആളുമായിരുന്ന പി.എൻ. മേനോന്റെ വീട്ടിലെത്തുമ്ബോള്‍ അവിടെയുണ്ടായിരുന്ന ആല്‍ബങ്ങളെല്ലാം നോക്കുന്നത് മേഘനാഥന്റെ പതിവായിരുന്നു. ഒരിക്കല്‍ ഇങ്ങനെ ആല്‍ബം നോക്കിയിരിക്കുന്നതിനിടെയാണ് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് പി.എൻ. മേനോൻ ചോദിച്ചത്. അന്ന് ആഗ്രഹമുണ്ടെന്ന് മറുപടി നല്‍കിയതോടെ മേഘനാഥന് സിനിമയിലേക്കുള്ള വഴിതുറന്നു. പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന സിനിമയില്‍ മമ്മൂട്ടിയ്ക്കൊപ്പമായിരുന്നു മേഘനാഥൻ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍നിന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിവായി വില്ലൻ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന മേഘനാഥന്റെ കരിയറില്‍ വഴിത്തിരിവായത് ‘ആക്ഷൻ ഹീറോ ബിജു’വിലെ കഥാപാത്രമായിരുന്നു. അതോടൊപ്പം, ചില സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. കരിയറിന്റെ തുടക്കംമുതല്‍ വില്ലൻ കഥാപാത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചിരുന്നതെങ്കിലും അതൊന്നും അദ്ദേഹത്തെ നിരാശപ്പെടുത്തിയിരുന്നില്ല. സ്ഥിരമായി വില്ലൻ വേഷങ്ങള്‍ അഭിനയിക്കുന്നതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:”എന്റെ കരിയറില്‍ ആദ്യകാലങ്ങളിലെല്ലാം ചെയ്തിട്ടുള്ളത് വില്ലൻ വേഷങ്ങളാണ്. വില്ലൻ വേഷങ്ങളാണെങ്കിലും എല്ലാ ചിത്രങ്ങളിലും എനിക്ക് നാലോ അഞ്ചോ സീനുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അതില്‍ കൂടുതലൊന്നും ഒരു സിനിമയിലും ഞാൻ അഭിനയിച്ചിട്ടില്ല. ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ ആകെ നാല് സീനുകളിലെ ഞാൻ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും ആ കഥയുടെ വലിയൊരു ഭാഗത്ത് മറ്റു കഥാപാത്രങ്ങളിലൂടെ എന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ ഇതുപോലെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കിട്ടിയിരുന്നതെങ്കില്‍ പിന്നീട് കഥാപാത്രങ്ങളുടെ പ്രാധാന്യം കുറയുകയും ഒരു സീനിലോ ഫൈറ്റിലോ മാത്രമായി എന്റെ കഥാപാത്രം ഒതുങ്ങുകയും ചെയ്തു. അങ്ങനെ വന്നപ്പോള്‍ അത്തരം കഥാപാത്രങ്ങളില്‍നിന്ന് മാറിനില്‍ക്കുകയാണുണ്ടായത്. ആയിടക്ക് ഒന്നു രണ്ട് സീരിയലുകളില്‍ ഞാൻ അഭിനയിച്ചു. പോസിറ്റീവ് കഥാപാത്രങ്ങളായിരുന്നു അതിലെനിക്ക്.

പിന്നീടെനിക്ക് ഒരു മാറ്റമുണ്ടായത് ആക്ഷൻ ഹീറോ ബിജുവിലാണ്. അതിനുശേഷം കിട്ടിയതെല്ലാം ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്. പക്ഷെ, നല്ലതാണെങ്കില്‍ വില്ലൻ വേഷങ്ങളാണെങ്കിലും ചെയ്യും. വളരെ സെലക്ടീവാകാനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. കിട്ടുന്ന സീനുകളില്‍ ചെയ്യാൻ എന്തെങ്കിലും ഉണ്ടാവണം. വെറുതെ ഒരു സീനിനും അടിയ്ക്കും മാത്രമായുള്ള കഥാപാത്രങ്ങളെ മാറ്റിനിർത്തി കൂടുതല്‍ ശ്രദ്ധകിട്ടുന്ന വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം.”കോമഡിവേഷങ്ങള്‍ ചെയ്യാൻ തന്റെ ശരീരം അത്ര ഫ്ളക്സിബിള്‍ അല്ലെന്നായിരുന്നു മേഘനാഥൻ പഴയ അഭിമുഖത്തില്‍ പറഞ്ഞത്. സലിംകുമാർ, ജഗതി ശ്രീകുമാർ തുടങ്ങിയവരെപ്പോലെ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാൻ സാധിച്ചില്ലെങ്കിലും ശ്രീനിവാസൻ അവതരിപ്പിച്ചത് പോലെയുള്ള കഥാപാത്രങ്ങള്‍ അഭിനയിക്കാൻ സാധിച്ചേക്കുമെന്നും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. ”ഹനീഫിക്ക, ജനാർദനൻ ചേട്ടൻ, നരേന്ദ്ര പ്രസാദ് ഏറ്റവും ഒടുവില്‍ ബാബുരാജ് തുടങ്ങിയ നിരവധി താരങ്ങള്‍ വില്ലൻ വേഷങ്ങളില്‍നിന്ന് കോമഡിയിലേക്ക് വന്നിട്ടുണ്ട്. അവർക്ക് അങ്ങനെ ഒരു വേഷം കൊടുത്തതുകൊണ്ടാണ് അവർക്ക് അവരുടെ കഴിവ് തെളിയിക്കാനായത്.

നമ്മള്‍ ഒരു നെഗറ്റീവ് വേഷത്തില്‍ തിളങ്ങി കഴിയുമ്ബോള്‍ പിന്നെ ആ കണ്ണിലൂടെയാണ് എല്ലാവരും നമ്മളെ നോക്കിക്കാണുന്നത്. ആരും മാറി ചിന്തിക്കുന്നില്ല. പുതിയ സംവിധായകരോ അല്ലെങ്കില്‍ പഴയ സംവിധായകരോ തിരക്കഥാകൃത്തുക്കളോ ആ രീതിയില്‍ മാറി ചിന്തിക്കുമ്ബോഴേ ഞങ്ങള്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുകയുള്ളൂ. അങ്ങനെ വരുമ്ബോഴേ ആ മേഖലയില്‍ തിളങ്ങാനാവുമോ എന്ന് ഞങ്ങള്‍ക്ക് കാണിച്ചുകൊടുക്കാൻ സാധിക്കുകയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം കോമഡി ചെയ്യാൻ എന്റെ ശരീരം അത്ര ഫ്ളക്സിബിള്‍ അല്ല. സലിം കുമാറിനെ പോലെയോ അമ്ബിളി ചേട്ടനെ പോലെയോ ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും ശ്രീനിയേട്ടനെയൊക്കെ പോലെ തമാശ ചെയ്യാൻ എനിക്ക് ചിലപ്പോള്‍ സാധിച്ചേക്കും”, മേഘനാഥൻ പറഞ്ഞു.സിനിമ നടൻ എന്നതിലുപരി ഒരു കർഷകൻ കൂടിയായിരുന്നു മേഘനാഥൻ. ഷൊർണ്ണൂരില്‍ തെങ്ങും കവുങ്ങും റബ്ബറും കുരുമുളക്കും നെല്‍കൃഷിയുമെല്ലാം ഉണ്ടായിരുന്നു. വർഷത്തില്‍ നാലോ അഞ്ചോ സിനിമകള്‍ മാത്രം ചെയ്യുന്ന തനിക്ക് അതിനുവേണ്ടി മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണ് വേണ്ടിവരാറുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാല്‍ ബാക്കിദിവസങ്ങളില്‍ കൃഷിയില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.”എല്ലാ കൊല്ലവും നാലോ അഞ്ചോ പടങ്ങള്‍ മാത്രമാണ് ചെയ്യാറുള്ളത്.

അതിനു വേണ്ടി മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണ് വേണ്ടിവരാറ്. ബാക്കിയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ എന്ത് ചെയ്യുകയാണെന്ന സംശയം പലരും ചോദിക്കാറുണ്ട്. വെറുതെയിരിക്കുകയാണോയെന്ന തോന്നലുണ്ടാവും അവർക്ക്. ഞാൻ ഷൊർണൂരിലാണ് താമസം. എന്റെ അച്ഛന്റെ വീട് കോഴിക്കോടും. അമ്മയുടെ വീട് ഷൊർണൂരെ വാടാനംകുറിശ്ശിയുമാണ്. അമ്മയുടെ അമ്മയ്ക്ക് അസുഖമായ സമയത്താണ് ഞങ്ങള്‍ ഷൊർണൂരിലേയ്ക്ക് മാറുന്നത്. അതിനുശേഷം പഠിച്ചതും വളർന്നതുമെല്ലാം ഷൊർണൂരാണ്. എന്റെ അമ്മയ്ക്ക് പാരമ്ബര്യമായി കിട്ടിയ വയലുകളുണ്ടായിരുന്നു. നെല്‍കൃഷിയാണ് പ്രധാനമായും ഉണ്ടായിരുന്നത്. പിന്നെ കുറച്ച്‌ റബ്ബറും തെങ്ങും കവുങ്ങും കുരുമുളകും എല്ലാം ഞങ്ങളവിടെ കൃഷിചെയ്യുന്നുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ ഞാൻ കൃഷി കണ്ടുവളർന്നതാണ്. സമയം കിട്ടുമ്ബോഴൊക്കെ വയലിലെ പണിക്കാർക്കൊപ്പം ഞാനും കൂടുമായിരുന്നു. വളർന്നതിന് ശേഷം ഞാനാണ് ആ കൃഷിയെല്ലാം നടത്തിക്കൊണ്ടുപോരുന്നത്.

ഞാൻ വാങ്ങുന്ന എന്റെ ആദ്യത്തെ വാഹനം ട്രാക്ടറാണ്. അത് ഓടിക്കാറുള്ളതും ഞാൻ തന്നെയാണ്. നാലഞ്ച് ഏക്കർ കൃഷിയിടമുണ്ട്. നമ്മുടെ നാട്ടില്‍ ആളുകളെ കിട്ടാതായപ്പോള്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ ഇറക്കി വരെ പണിയെടുപ്പിച്ചിട്ടുണ്ട്. എന്നാല്‍, വയലില്‍ പന്നികളുടെയും പക്ഷികളുടെയുമെല്ലാം ശല്യം വർധിച്ചു”, മേഘനാഥൻ പറഞ്ഞു.സിനിമയില്‍ സജീവമായിരുന്ന അച്ഛൻ ബാലൻ കെ.നായർ തങ്ങള്‍ക്ക് ഒരുവിരുന്നുകാരൻ ആയിരുന്നുവെന്നാണ് മേഘനാഥൻ തന്റെ പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ”കുട്ടിക്കാലത്ത് ഷൊർണൂരാണ് ഞാൻ പഠിച്ചത്. ഞാൻ നന്നായി പഠിക്കുന്നതുകൊണ്ട് (ചിരിക്കുന്നു) അച്ഛന് തോന്നി ഞാൻ ഇവിടെ നിന്നാല്‍ ശരിയാവില്ലെന്ന്. അച്ഛൻ അക്കാലത്ത് മദ്രാസിലാണ് എപ്പോഴും. ഷൊർണൂരുള്ള ഞങ്ങള്‍ക്ക് ശരിക്കും പറഞ്ഞാല്‍ അച്ഛൻ ഒരു വിരുന്നുകാരനായിരുന്നു. കാരണം ഷൂട്ടിങ്ങെല്ലാം മദ്രാസിലെ സ്റ്റുഡിയോയിലാണ് നടക്കാറ്. നാലും അഞ്ചും പടങ്ങളൊക്കെ ഉണ്ടാവാറുള്ള അച്ഛന് അവിടെ രാമകൃഷ്ണ എന്നൊരു ഹോട്ടലില്‍ സ്ഥിരം റൂമാണ്. വരുമ്ബോള്‍ രാവിലെയുള്ള മംഗലാപുരം മെയിലിന് വന്നാല്‍ വൈകുന്നേരം മദ്രാസിലേക്ക് മടങ്ങാറാണ് അച്ഛന്റെ പതിവ്. ആ സമയത്ത് എന്നെ നിയന്ത്രിക്കാൻ ആരും ഇല്ലാത്തതിനാല്‍ ഞാൻ ലേശമൊന്ന് ഉഴപ്പി. അതോടെ പത്താം ക്ലാസായപ്പോള്‍ അച്ഛൻ എന്നെ മദ്രാസിലേക്ക് കൊണ്ടുപോയി. തുടർന്നുള്ള പഠനം അവിടെയായിരുന്നു. അങ്ങനെയാണ് ഞാൻ മദ്രാസിലെത്തുന്നത്. അന്ന് അച്ഛന്റെ കൂടെയായിരുന്നു താമസം. ഞാൻ എപ്പോഴും അറിയപ്പെടുന്നത് ബാലൻ കെ. നായരുടെ മകനായിട്ടാണ്. അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. ഇന്നും അദ്ദേഹം ഓർമിക്കപ്പെടുന്നു എന്നതില്‍ വളരെയധികം സന്തോഷവുമുണ്ട്”, അച്ഛനെക്കുറിച്ച്‌ മേഘനാഥൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.