തിരുവനന്തപുരം: ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയേഴിലെ ഒരു അവധിദിവസത്തില്‍ കോളേജിലെ സുഹൃത്തുക്കളുടെ കൂടെയാണ് ഞാനാദ്യമായി സാഗര്‍ ഏലിയാസ് ജാക്കിയെ കാണുന്നത്. ലാലേട്ടന്റെ ആ ‘മാസ്’മരിക കഥാപാത്രത്തെ വലിയ സ്‌ക്രീനില്‍ത്തന്നെ കാണാന്‍ ഭാഗ്യംകിട്ടിയ ഒരു തലമുറയിലെ ആളുകളാണ് ഞങ്ങളൊക്കെ. ക്ലൈമാക്‌സ് രംഗങ്ങളില്‍ എല്ലാ തടസ്സങ്ങളും തട്ടിത്തെറിപ്പിച്ച് ശേഖരന്‍കുട്ടിയോട് പ്രതികാരം തീര്‍ത്ത് ജയിലിലേക്ക് പോകുന്ന ജാക്കി. സീറ്റില്‍ ഏറ്റവും മുന്നോട്ടാഞ്ഞിരുന്നു ശ്വാസം പിടിച്ചുമാത്രമേ ഞങ്ങള്‍ക്കൊക്കെ അന്നാ സീനുകള്‍ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ഏറ്റവും സുഖമുള്ള ഓര്‍മകളാണ് അവയൊക്കെ. തീര്‍ന്നില്ല, വേറെയുമുണ്ടായിരുന്നു പുതുമകള്‍. പുറമെ കണ്ടിട്ടുണ്ടെങ്കിലും ഒരു എയര്‍ പോര്‍ട്ടിന്റെ അകത്തുള്ള ദൃശ്യങ്ങള്‍ ഒരല്പം വിശദമായിത്തന്നെ ആദ്യമായി കാണാന്‍ പറ്റിയത് അന്നാ ക്ലൈമാക്‌സ് രംഗങ്ങളിലായിരുന്നു. അതെ, നമ്മുടെ സ്വന്തം തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു അവയൊക്കെ ചിത്രീകരിച്ചത്. പിന്നീടിങ്ങോട്ട് സിനിമയില്‍ സജീവമായതിനുശേഷം എത്രയോ തവണ അതിലൂടെ യാത്രചെയ്തു. എങ്കിലും ആ ആദ്യത്തെ വിഷ്വലുകള്‍ മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട് — സ്വപ്നങ്ങളും കൗതുകങ്ങളും, അത്ഭുതങ്ങളുമൊക്കെ നിറച്ചുവെച്ചിരുന്ന, ഇരമ്പിയുണര്‍ന്നിരുന്ന വേറെയേതോ ഒരു ലോകം!
ഇന്നിപ്പോള്‍ പെട്ടെന്നെന്താണ് എയര്‍പോര്‍ട്ട് വിശേഷങ്ങളെന്നു ചോദിച്ചാല്‍, ഇന്നല്ലേ, ഇന്നുമുതലല്ലേ ശരിക്കുള്ള വിശേഷങ്ങള്‍ തുടങ്ങുന്നത്? ഔപചാരികമായി ഇന്നലെ രാത്രിമുതല്‍ നമ്മുടെ എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. നിസ്സാരന്മാര്‍ അല്ല — ഉദ്ദേശം 120.06 ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഉള്ള വമ്പന്‍ ഗ്രൂപ്പാണ്. തുറമുഖങ്ങളും വിമാനത്താവളങ്ങളും മറ്റു ഭീമന്‍ പ്രോജെക്റ്റുകളും ഏറ്റെടുത്തു അവയുടെയും ആ പ്രദേശത്തിന്റെ തന്നെയും സാമൂഹ്യ സാമ്പത്തിക മുഖചിത്രം തന്നെ മാറ്റിയെഴുതുന്നതില്‍ അഗ്രഗണ്യര്‍. ഗുജറാത്തില്‍ തുടങ്ങി ലോകമെമ്പാടും പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന വ്യവസായസ്ഥാപനം. നമ്മുടെ തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ മുഖം രൂപകല്‍പന ചെയ്യുന്നതും അവര്‍ തന്നെ. വിമാനത്താവളത്തിന്റെ കാര്യത്തില്‍ അവരുടെ പേര് കേള്‍ക്കാന്‍ തുടങ്ങിയ അന്നുമുതല്‍ ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു. എനിക്ക് മാത്രമല്ല, ഇതിലൂടെ യാത്ര ചെയ്യണ്ടവന്നിട്ടുള്ള എല്ലാവര്‍ക്കും. അത്രയ്ക്ക് പരിതാപകരമായിരുന്നല്ലോ ഇവിടുത്തെ കാര്യങ്ങള്‍?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരല്പം ചരിത്രം പറയാം. 1932 ല്‍ റാണി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മി ഭായിയുടെ കാലത്ത്, ലഫ്. കേണലായിരുന്ന ശ്രീമാന്‍ ഗോദരാജ വര്‍മയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് തുടക്കമിടുന്നത്. തൊള്ളായിരത്തി മുപ്പത്തിയഞ്ച് നവംബര്‍ ഒന്നാം തീയതി ആദ്യത്തെ ഫ്ളൈറ്റ് ഇവിടെനിന്നു പറന്നുപൊങ്ങി. എഴുപതുകളുടെ രണ്ടാം പകുതിയില്‍, കൃത്യമായി പറഞ്ഞാല്‍ 1977 ല്‍, ആദ്യത്തെ അന്താരാഷ്ട്ര ഫ്‌ലൈറ്റും. ആദ്യത്തെ പ്രതാപകാലങ്ങള്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്നു. 1991ല്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ വി. പി. സിംഗ് ഇതിനെ ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനാത്താവളമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡല്‍ഹി, ബോംബെ, മദ്രാസ്, കല്‍ക്കട്ട എന്നിവയായിരുന്നു മറ്റു നാലെണ്ണം. സംസ്ഥാന തലസ്ഥാനത്തിനു ഉചിതമായ അടയാളവും അംഗീകാരവും തന്നെ, പക്ഷേ പിന്നീടെന്തു സംഭവിച്ചു?
ഏകദേശം 25 – 30 വര്‍ഷങ്ങളായി ഇതിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാളാണ് ഞാന്‍. ചെറുതെങ്കിലും, ആ സമയത്തുള്ള മറ്റു എയര്‍പോര്‍ട്ടുകളിലുള്ള സൗകര്യങ്ങളെല്ലാം തന്നെ അന്നൊക്കെ ഇവിടെയും ഉണ്ടായിരുന്നു. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ഫ്ളൈറ്റുകളും അന്നുണ്ടായിരുന്നു എന്നതാണ് സത്യം. പിന്നീടെപ്പോഴോ ശനിദശയാരംഭിച്ചു. ഫ്‌ലൈറ്റുകള്‍ നിരന്തരം, നിര്‍ദ്ദയം നിര്‍ത്തലാക്കപ്പെട്ടുതുടങ്ങി. താരതമ്യേന തുടക്കക്കാരനായിരുന്ന നെടുമ്പാശ്ശേരി ആരുടെയൊക്കെയോ കയ്യടികളുടെയും പ്രോത്സാഹനത്തിന്റെയും തണലില്‍ (അല്ലെങ്കില്‍ മറവില്‍) നമ്മുടെ കൊച്ചു വിമാനത്താവളത്തെ ഓടിത്തോല്‍പ്പിക്കാന്‍ തുടങ്ങി. ലോകത്തിന്റെ പലഭാഗങ്ങളിലും നിന്നു ഇവിടെ വന്നിറങ്ങിയവര്‍ മൂക്കത്തു വിരല്‍ വെയ്ക്കാനും. മതിയായ ടോയ്ലറ്റ് സൗകര്യങ്ങളോ, നല്ല ആഹാരം അര്‍ഹമായ വിലയ്ക്ക് നല്‍കുന്ന ഭക്ഷണശാലകളോ, ഫ്ളൈറ്റുകള്‍ക്കിടയിലെ മണിക്കൂറുകള്‍ സമാധാനമായി വിശ്രമിച്ചുതീര്‍ക്കാനവസരമൊരുക്കുന്ന റസ്റ്റ് റൂമുകള്‍ പോലുമോ ഇല്ലാത്ത ഒരു അന്താരാഷ്ട്ര വിമാനത്താവളം! അതും ഒരു സംസ്ഥാന തലസ്ഥാനത്ത്.
ഒന്നോര്‍ത്തുനോക്കൂ. ഒരല്പം ഭാവനയും ആസൂത്രണവും ആത്മാര്‍ഥതയുമുണ്ടായിരുന്നെങ്കില്‍ എത്രയോ മുന്‍പു തന്നെ നമുക്കീ വിമാനത്താവളത്തിന്റെ തലവര മാറ്റാമായിരുന്നു? വെറുതെയൊന്നു ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചില സവിശേഷതകള്‍ നോക്കൂ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പതിനേഴാമത്തെ വിമാനത്താവളം. ഏഷ്യയിലെ ആറാമത്തേത്. 2009 മുതല്‍ തുടര്‍ച്ചയായി ഇന്ത്യയിലെ ഒന്നാമത്തേതും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പരിപാടികള്‍ക്കൊടുവില്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ (രണ്ടായിരത്തി മുപ്പതോടുകൂടി) അവര്‍ ലക്ഷ്യം വെയ്ക്കുന്നത് ഒന്നും രണ്ടുമല്ല, വര്‍ഷം തോറും100 മില്യണ്‍ യാത്രികരെയാണ്. (ഒരു മില്യണ്‍ എന്നുപറഞ്ഞാല്‍ത്തന്നെ പത്തുലക്ഷമായി. ബാക്കി നിങ്ങള്‍ തന്നെ കണക്കുകൂട്ടിക്കോളൂ!). രാജ്യത്തിനും സമ്പദ്വ്യവസ്ഥക്കും ഇതുമൂലമുണ്ടാകാന്‍ പോകുന്നത് ഏതെല്ലാം രീതിയിലുള്ള അഭിവൃദ്ധികളായിരിക്കും? എന്തായിരിക്കും അവരുടെ വിജയരഹസ്യം?
അതിലുമൊക്കെ പ്രധാനപ്പെട്ട വേറൊരു ചോദ്യം : എവിടെയായിരിക്കും നമുക്ക് പാളിയിട്ടുണ്ടാകുക? അതുപോലെ, തിരുവനന്തപുരത്തിന്റെ വികസനത്തിന് ആരായിരിക്കും തടസ്സം നിന്നിട്ടുണ്ടാകുക?
കോവിഡ് മഹാമാരി കഴിഞ്ഞുവരുന്നുവെന്നു കരുതാവുന്ന ഈ കാലത്ത്, എത്രയോ ബിസിനസ്സ് സംരംഭങ്ങള്‍ ഇവിടെ തുടങ്ങാമായിരുന്നു? എത്രയോ ആയിരങ്ങള്‍ക്ക് ജോലി ലഭിക്കുമായിരുന്നു? ടൂറിസം കൊണ്ടുവരുന്ന സാമ്പത്തിക ലാഭം, ടാക്‌സി സര്‍വീസുകള്‍ പോലുള്ള അനുബന്ധ സേവനങ്ങള്‍ വഴി അധികമായി വരുന്ന പ്രത്യക്ഷ / പരോക്ഷ തൊഴില്‍ സാധ്യതകള്‍, മെഡിക്കല്‍ ടൂറിസം, ലോകഭൂപടത്തില്‍ നമ്മുടെ നാടിനുണ്ടാകുമായിരുന്ന സവിശേഷ മുഖം, പറഞ്ഞുതുടങ്ങാനാണെകില്‍ കാര്യങ്ങള്‍ ഒന്നും രണ്ടുമല്ല, ഒരുപിടിയാണ്. ഇതൊന്നും ആര്‍ക്കുമറിയാത്ത കാര്യങ്ങളല്ല, പക്ഷേ ഒന്നും നടക്കുന്നുമില്ല. പിടിപ്പും കാര്യപ്രാപ്തിയും ധിഷണയുമില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെയല്ലേ കാരണം? താങ്കള്‍ക്കെന്തു തോന്നുന്നു? അറിയാന്‍ താല്പര്യമുണ്ട്.
എന്തായാലും ഒരു കാര്യമുറപ്പാണ്. ഒന്നുമിനി പഴയപടി ഇഴഞ്ഞുനീങ്ങില്ല. ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന അവസ്ഥ ഇനിമുതലുണ്ടാവില്ല. ആര്‍ജ്ജവമുള്ള ഒരു കേന്ദ്ര നേതൃത്വമാണ് നമുക്കിന്നുള്ളത്. ഇച്ഛാശക്തിയുള്ള, ദീര്‍ഘവീക്ഷണമുള്ള, നല്ല ഉശിരുള്ള ഒരു പ്രധാനമന്ത്രിയും. ശനിദശ മാറാതെ തരമില്ലതന്നെ.
സാഗര്‍ ഏലിയാസ് ജാക്കി ഇപ്പോള്‍ എവിടെയായിരിക്കും? അറിയില്ല. കഴിഞ്ഞുപോയ നൂറ്റാണ്ടിനെ അയാള്‍ എന്നേ മറന്നുകാണാനാണ് സാധ്യത. നമ്മുടെ വിമാനത്താവളത്തിനും അതിനു സമയമായിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ബാക്കിപത്രങ്ങള്‍ ഇന്നുമുതല്‍ പുതിയൊരു തുടക്കത്തിന് വഴിമാറട്ടെ. അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയ രാജ്യമാണ് നമ്മുടേത്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ചിറകുകള്‍ ഘടിപ്പിച്ചുകിട്ടിയ നമ്മുടെ സ്വന്തം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും ഇരമ്പിയുണണര്‍ന്നു പറന്നുയരട്ടെ. സമ്പത്തും കീര്‍ത്തിയും പറന്നിറങ്ങട്ടെ. നാടിനു നാഥനായി ഒരാളുണ്ടെന്ന ബോധ്യം സാധാരണക്കാരനുണ്ടാവട്ടെ.
മഹാനവമിയുടെയും വിജയദശമിയുടെയും ദിനങ്ങളില്‍ത്തന്നെ പുതിയ തുടക്കമുണ്ടായത് ഏറ്റവും ശുഭസൂചകമാണ്. എത്രയും ബഹുമാന്യനായ പ്രധാനമന്ത്രിക്ക് ഹൃദയപൂര്‍വം നന്ദി പറയുന്നു. പുതിയ സാരഥികള്‍ക്കു അഭിവാദ്യങ്ങളും ആശംസകളും നേരുന്നു.
ജയ് ഹിന്ദ്…