വെളിയന്നൂർ : കിടങ്ങൂർ മംഗലത്താഴം ഡോ. കെ ആർ നാരായണൻ സ്മാരക റോഡ് ഉൾപ്പെട്ട വെളിയന്നൂർ ജംഗ്ഷനിൽ വിവിധ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് 38 ലക്ഷം രൂപയുടെ നിർമ്മാണ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. വെള്ളക്കെട്ട് മൂലം സ്ഥിരമായി റോഡ് തകർന്നു പോകുന്ന ജംഗ്ഷനിലെ ശോച്യാവസ്ഥ പരിഹരിക്കുവാൻ ടൈൽ പാകി റോഡ് നവീകരിക്കുന്ന നിർമ്മാണജോലികൾ ഇപ്രാവശ്യം പദ്ധതിയിൽ പൂർത്തിയാക്കുന്നതാണ്. കോൺക്രീറ്റ് ഓട ഇല്ലാത്തതുമൂലം വെളിയന്നൂർ ജംഗ്ഷനിൽ നിലനിന്നിരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ജംഗ്ഷന്റെ ഭാഗത്തേക്കുള്ള മെയിൻ റോഡിന് ഇരുവശത്തും നടപ്പാത സജ്ജമാക്കുന്നതാണ്. ജനത്തിരക്കേറിയ ഭാഗത്ത് ഓടയ്ക്ക് മുകളിൽ കവറിംഗ് സ്ലാബ് കൊടുക്കുന്നതാണ്. വെളിയന്നൂർ ജംഗ്ഷൻ വികസനപദ്ധതി നടപ്പാക്കുന്നതിലൂടെ വർഷങ്ങളായി നിലനിന്നിരുന്ന ശോച്യാവസ്ഥയ്ക്കും വെള്ളക്കെട്ട് പ്രശ്നത്തിനും പരിഹാരം ഉണ്ടാകുന്നതാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. പിഡബ്ല്യുഡി കടുത്തുരുത്തി സബ് ഡിവിഷന് കീഴിൽ നടപ്പാക്കുന്ന ഡെപ്പോസിറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി യാണ് നിർമാണപ്രവർത്തനങ്ങൾ ടെൻഡർ ചെയ്തിട്ടുള്ളത്.