ഗുവ്ഹാത്തി: സൂര്യയുടെ ആകാശമുട്ടുന്ന അടിയ്ക്ക് കില്ലർ മില്ലറുടെ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്ക ഒപ്പം നിന്നെങ്കിലും പക്ഷേ, സൂര്യാഘാതത്തിന് പകരം വയ്ക്കാനുള്ള പോരാട്ട വീര്യം കൈമുതലായില്ലായിരുന്നു. അവസാന ഓവറിൽ മൂന്നു സിക്‌സർ സഹിതം ദക്ഷിണാഫ്രിക്ക 20 റൺ വാരിയിട്ടും 16 റണ്ണിന് ഇന്ത്യയ്ക്ക് വിജയിക്കാനായിരുന്നു യോഗം. ആ കൂറ്റനടി നടത്തി ഇന്ത്യയെ വിജയ തീരത്ത് എത്തിയ സൂര്യയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പടുകൂറ്റൻ റണ്ണടിച്ച് കൂട്ടിയിട്ടും കാണികളെ വിറപ്പിച്ച ഇന്ത്യൻ ബൗളിംങിന്റെ മൂർച്ചയില്ലായ്മ വീണ്ടും പുറത്തായി. ദക്ഷിണാഫ്രിക്കയക്കു വേണ്ടി മില്ലർ 47 പന്തിൽ 106 ഉം, ഡിക്കോക്ക് 48 പന്തിൽ 69 ഉം റൺ നേടി.
സ്‌കോർ
ഇന്ത്യ – 237 -03
ദക്ഷിണാഫ്രിക്ക – 221 -03
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിംങിന് അയച്ചു. പതിഞ്ഞ തുടക്കമായിരുന്നെങ്കിലും പിന്നീട് ഭേദപ്പെട്ട നിലയിൽ റൺ നേടിയ ഇന്ത്യൻ ഓപ്പണർമാർ പത്തു റൺ ശരാശരിയിൽ ഒൻപതാം ഓവർ വരെ കളി എത്തിച്ചു. പിന്നീട് രോഹിതും (37 പന്തിൽ 43), രാഹുലും (28 പന്തിൽ 57) പുറത്തായ ശേഷമാണ് കളിയുടെ ട്രാക്ക് തന്നെ മാറിയത്. രാഹുൽ പുറത്താകുമ്പോൾ 11.3 ഓവറിൽ ഇന്ത്യൻ സ്‌കോർ 107. പിന്നീട് എത്തിയ സൂര്യകുമാർ യാദവ് നേരിട്ട 22 പന്തിൽ പത്തും ബൗണ്ടറി പറത്തുകയായിരുന്നു. അഞ്ചു വീതം സിക്‌സും ഫോറും പറത്തിയ സൂര്യ കത്തിക്കയറിയപ്പോഴാണ് സൗത്ത് ആഫ്രിക്കയ്ക്ക് ഒരുക്കലും എത്തിപ്പിടിക്കാനാവാത്ത സ്‌കോറിൽ ഇന്ത്യ എത്തിയത്. 22 പന്തിൽ 61 റണ്ണടിച്ച സൂര്യയുടെ മികവിലാണ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺ എന്ന നിലയിൽ എത്തിയത്. കോഹ്ലിയാകട്ടെ 28 പന്തിൽ പുറത്താകാതെ 49 ഉം നേടി. ഏഴു പന്തില് 17 റണ്ണടിച്ച ദിനേശ് കാർത്തികും നിർണ്ണായകമായ സംഭാവന നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ഒരു റണ്ണിന് രണ്ടു വിക്കറ്റ് വീഴ്ത്തി അർഷ ദ്വീപ് സ്വിംങ് സൗത്ത് ആഫ്രിക്കയെ വിറപ്പിച്ചെങ്കിലും മക്രവും ഡിക്കോക്കും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി. 19 പന്തിൽ 33 റണ്ണടിച്ച മക്രത്തെ എക്‌സർ പട്ടേൽ പുറത്താക്കിയില്ലായിരുന്നെങ്കിൽ മത്സര ഫലം തന്നെ ഒരു പക്ഷേ മാറി മറിഞ്ഞേനെ. മക്രം പുറത്തായ ശേഷം ഡിക്കോക്കും , മില്ലറും ചേർന്ന് അഴിഞ്ഞാട്ടമാണ് നടത്തിയത്. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും തിരഞ്ഞു പിടിച്ച് തല്ലുകയായിരുന്നു രണ്ടു പേരും ചേർന്ന്.
നാല് ഓവർ എറിഞ്ഞ ഹർഷൽ പട്ടേൽ 45 റണ്ണാണ് വിക്കറ്റൊന്നുമെടുക്കാതെ വഴങ്ങിയത്. അർഷർ ദീപ് സിംങ് രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും 62 റൺ വഴങ്ങി. വിക്കറ്റൊന്നുമില്ലെങ്കിലും ഒരു മെയ്ഡൻ എറിഞ്ഞ ചഹാർ 24 റൺ മാത്രമാണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടിയ അശ്വിനും 37 റൺ വഴങ്ങി.