ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പുരോഗമിക്കുന്നതിനിടെ, ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. സംസ്ഥാനത്ത് അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ച സഞ്ജീവനി, മഹിളാ സമ്മാൻ പദ്ധതികള്‍ നിലവിലില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു. 60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ നല്കുന്ന പദ്ധതിയായ സഞ്ജീവനി യോജന, സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിളാ സമ്മാൻ യോജന എന്നിവ നിലവിലില്ലെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് പരസ്യത്തിലൂടെ അറിയിച്ചു.
സഞ്ജീവനി യോജന പദ്ധതി നിലവിലില്ലെന്ന് ആരോഗ്യവകുപ്പ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഒരു പൊതു അറിയിപ്പില്‍ പറഞ്ഞു. പദ്ധതിയുടെ പേരില്‍ പ്രായമായ പൗരന്മാരില് നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും ഒരു കാർഡും നല്‍കുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി അതിഷിയും പാർട്ടി കണ്‍വീനർ അരവിന്ദ് കെജ്രിവാളും ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ നിരവധി പ്രദേശങ്ങള്‍ സന്ദർശിക്കുകയും സഞ്ജീവനി യോജനയ്ക്കും മഹിളാ സമ്മാന്‍ യോജനയ്ക്കും രജിസ്ട്രേഷൻ ആരംഭിച്ചെന്ന് പറയുകയും കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് വകുപ്പുകള്‍ അറിയിപ്പുമായി രംഗത്തെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പദ്ധതിയുടെ പേരിൽ ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയ പാർട്ടിയോ വിവരങ്ങള്‍ ശേഖരിക്കുന്നത് വഞ്ചനാപരമാണെന്നും വകുപ്പ് അറിയിച്ചു.
നിലവിലില്ലാത്ത ഈ സ്കീമിന് കീഴില്‍ സൗജന്യ ചികിത്സയുടെ ആനുകൂല്യം നല്‍കുമെന്ന വാഗ്ദാനവുമായി ഒരു വ്യക്തി/സ്ഥാപനം നിങ്ങളെ വിളിക്കുകയോ സന്ദർശിക്കുകയോ ചെയ്താല്‍ സ്കീം കാർഡ് നിങ്ങള്‍ക്ക് നല്കിയാല് വിശ്വസിക്കരുതെന്നും ഇത്തരം പദ്ധതികള്‍ സർക്കാറിന് കീഴില്‍ ഇല്ലെന്നും വകുപ്പ് വ്യക്തമാക്കി. മഹിളാ സമ്മാന്‍ യോജന എന്ന പേരില്‍ ഒരു പദ്ധതിയും വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് വനിതാ ശിശുവികസന വകുപ്പും നോട്ടീസില്‍ പറഞ്ഞു.