മസ്കത്ത്: യാത്രക്കാർക്ക് തിരിച്ചടിയായി കൂടുതല്‍ വിമാനങ്ങള്‍ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. അടുത്തമാസം ഏഴാം തീയ്യതി വരെയുള്ള നിരവധി സർവ്വീസുകള്‍ റദ്ദാക്കിയതായാണ് പുതിയ അറിയിപ്പ്. ജൂണ്‍ ഒന്നാം തീയ്യതി വരെയുള്ള പല സർവ്വീസുകളും ഇതിനോടകം റദ്ദാക്കിയ നിലയിലാണ്. ഒമാനില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവ്വീസുകള്‍ ജൂണ്‍ ഏഴുവരെ റദ്ദാക്കിയിരിക്കുന്നു. ജൂണ്‍ 2, 4, 6 തീയ്യതികളില്‍ കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് സർവ്വീസ് ഉണ്ടാകില്ല.
ജൂണ്‍ 3, 5, 7 തീയ്യതികളിലുള്ള മസ്കറ്റ് – കോഴിക്കോട് വിമാന സർവ്വീസും റദ്ദാക്കി. ജൂണ്‍ 1, 3, 5, 7 തീയ്യതികളില്‍ കണ്ണൂരില്‍ നിന്നും മസ്കറ്റിലേക്കും തിരിച്ചും വിമാന സർവ്വീസ് ഉണ്ടാകില്ല. തിരുനന്തപുരത്ത് നിന്നും മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവ്വീസുകളേയും പുതിയ തീരുമാനം ബാധിക്കും. ജൂണ്‍ 1, 3, 5, 7 തീയ്യതികളില്‍ തിരുവനന്തപുരം- മസ്കറ്റ് സർവ്വീസ് ഉണ്ടാകില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ബലിപെരുന്നാള്‍ ആഘോഷത്തിനും കേരളത്തില്‍ അധ്യയന വർഷം ആരംഭിക്കുന്നത് കണക്കാക്കിയും യാത്ര പ്ലൻ ചെയ്തവർക്ക് കനത്ത തിരിച്ചടിയാകും എയർ ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം. ഇതിനോടകം മസ്കറ്റില്‍ നിന്നും തിരിച്ചുമുള്ള സർവീസുകള്‍ റദ്ദായ അവസ്ഥയിലാണ്. ചുരുക്കത്തില്‍ യാത്ര പഴയ പാടിയാകാൻ ഇനിയും കാത്തിരിക്കണമെന്ന് അർത്ഥം.