മസ്കറ്റ്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. മസ്കറ്റില്‍ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും പ്രശ്നം ബാധിച്ചിരുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ആഗോള വ്യാപകമായി നിരവധി സേവനങ്ങളെ ബാധിച്ച മൈക്രോസോഫ്റ്റ് വിന്‍ഡോസ് സാങ്കേതിക പ്രശ്നം തങ്ങളുടെ പ്രവര്‍ത്തനത്തെയും താത്കാലികമായി ബാധിച്ചിരുന്നതായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിരീകരിച്ചു. ടെർമിനല്‍ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ഈ തകരാര്‍ ബാധിച്ചിരുന്നെന്നും തുടര്‍ന്ന് ഈ എയര്‍ലൈനുകള്‍ ഉടന്‍ തന്നെ ഒരു ബദല്‍ സംവിധാനത്തിലേക്ക് മാറിയതായും സാധാരണരീതിയിലുള്ള ചെക്ക്-ഇൻ പ്രവർത്തനങ്ങള്‍ വേഗത്തില്‍ പുനരാരംഭിക്കുകയും ചെയ്തതായി എയര്‍പോര്‍ട്ട് വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.