ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ‘ദി ഗോട്ട്’.ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നതെന്ന വാർത്തകള്‍ മുൻപ് തന്നെ പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് ദി ഗോട്ടില്‍ താരത്തെ ഡി എയ്ജിംഗ് സാങ്കേതിക വിദ്യയുപയോഗിച്ച് ചെറുപ്പമാക്കുന്നുവെന്ന വാർത്തകള്‍ വരുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിജയ് ദുബായിലേക്ക് പോകുന്നതിനായി ചെന്നൈ എയർപോർട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ദുബായില്‍ നിന്ന് താരം അധികം വൈകാതെ ഡി എയ്ജിംഗ് ചെയ്യുന്നതിനായി യുഎസിലേക്ക് പോകുമെന്നാണ് വിവരം. ദി ഗോട്ട് സെപ്റ്റംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗോട്ട്’ സയൻസ് ഫിക്ഷൻ ചിത്രമാണ്. വിദേശത്താണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ക്ലൈമാക്സ് രംഗങ്ങള്‍ ശ്രീലങ്കയില്‍ ചിത്രീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വിജയ്യുടെ കരിയറിലെ 68-ാമത് ചിത്രമാണിത്. 69-ാമത്തെ ചിത്രത്തോടെ വിജയ് അഭിനയ രംഗം പൂർണമായും ഉപേക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചിത്രത്തില്‍ സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ്,മീനാക്ഷി ചൗധരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. തമിഴിലെ പ്രശസ്തമായ എ.ജി.എസ് എന്റർടെയ്ൻമെന്റാണ് നിർമ്മാണം.