കോട്ടയം: എഐവൈഎഫ് ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം തലയോലപ്പറമ്പില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ നിര്‍വഹിച്ചു. കേരള വികസത്തിന്റെ ഭാഗമെന്ന നിലയില്‍ കെ റെയിലിനെ എഐവൈഎഫ് നിരാകരിക്കുന്നില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എന്‍ അരുണ്‍ പറഞ്ഞു. എന്നാല്‍ പരിസ്ഥിതി തകര്‍ക്കുന്ന രീതിയില്‍ ജനങ്ങളുടെ താല്പര്യത്തിന് എതിരായിട്ടാണ് പദ്ധതി നടപ്പാക്കപ്പെടുന്നതെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. സുജിത് എസ് പി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോണ്‍ വി ജോസഫ്, ആര് ബിജു, എഐവൈഎഫ് ജില്ലാ ഭാരവാഹികളായ ശരത് കുമാര്‍ പിആര്‍, സ്നേഹ ലക്ഷ്മി, അര്ജുന് പി എസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഞായറാഴ്ച മെംബര്‍ഷിപ്പ് പ്രവര്‍ത്തനം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം, സെക്രട്ടറി അഡ്വ. സുജിത് എസ് പി എന്നിവര്‍ അറിയിച്ചു.