കോട്ടയം: അഖില മലങ്കര സണ്ടേസ്‌കൂൾ അസോസിയേഷൻ്റെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സണ്ടേസ്‌കൂൾ കോട്ടയം ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20, ഞായറാഴ്ച 1.30ന് പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ അദ്ധ്യാപക വിദ്യാർത്ഥി – രക്ഷാകർത്യ സംഗമം സംഘടിപ്പിക്കുന്നു. ഭദ്രാസനത്തിലെ 80 ദേവാലയങ്ങളിലെ സണ്ടേസ്കൂളുകളിൽ നിന്നായി അയ്യായിരത്തിലധികം വിദ്യാർത്ഥികളും ആയിരത്തിൽപ്പരം അദ്ധ്യാപകരും സംഗമത്തിൻ്റെ ഭാഗമാകും.
25 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ 300 സണ്ടേസ്‌കൂൾ അദ്ധ്യാപകരെ യോഗത്തിൽ ആദരിക്കും. യൂണിറ്റ് തല വിദ്യാർത്ഥികളുടെ വിവിധ സ്റ്റേജ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. മഹാസംഗമം ഇടവക മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസിൻ്റെ അദ്ധ്യക്ഷതയിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. സണ്ടേസ്‌കൂൾ അസോസിയേഷൻ പ്രസിഡൻ്റ് ഡോ ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യ പ്രഭാഷണവും ഡയറക്ടർ ജനറൽ ഫാ. ഡോ. വറുഗീസ് വറുഗീസ് ജൂബിലി സന്ദേശവും നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാണ്ടി ഉമ്മൻ എംഎൽഎ കോട്ടയം ഭദ്രാസന സണ്ടേസ്‌കൂളിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്യും. സഭയുടെ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ ‘മെൽസോ’ വേദപുസ്‌തക പഠന പദ്ധതിയുടെ ഉദ്ഘാടനവും ഭദ്രാസന സെക്രട്ടറി ഫാ. കെ.എം. സഖറിയ ‘സൗമോ’ പ്രോഗ്രാമിൻ്റെ ആരംഭവും കുറിക്കും. ഭദ്രാസന വൈസ് പ്രസിഡൻ്റ് കുര്യൻ തോമസ് കരിപ്പാൽ കോർ എപ്പിസ്‌ക്കോപ്പ ‘സൈഗത്തോ’ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും. ഭദ്രാസന ഡയറക്‌ടർ വിനോദ് എം. സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ്, ജനറൽ കൺവീനർ ഫാ. കുറിയാക്കോസ് ഈപ്പൻ എന്നിവർ പ്രസംഗിക്കും. യോഗ വിജയത്തിനായി 101 അംഗങ്ങൾ അടങ്ങിയ ഗായകസംഘവും 251 പേർ അടങ്ങിയ സംഘാടക സമിതിയും പ്രവർത്തിച്ചുവരുന്നു. കുടുംബ പ്രാർത്ഥന തിരികെ പിടിക്കുക, ആരാധന അനുഭവമാക്കുക, തിരുവചന വായന ദിനചര്യയാക്കുക എന്നിവയാണ് മഹാസംഗമത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം.