ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റും കോടതിമുറികളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നീതിയുടെ ആള്‍രൂപവുമായ സര് ചേറ്റൂര്‍ ശങ്കരന് നായകരുടെ ജീവിതം ബോളിവുഡ് ചിത്രമാവുന്നുവെന്ന വാര്‍ത്ത നേരത്തെ എത്തിയതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍സ്. അക്ഷയ് കുമാര്‍ ശങ്കരന് നായരായി എത്തുന്ന ചിത്രം 2025 മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടിയ ശങ്കരന് നായരുടെ ജീവിതം സിനിമയാക്കുന്നത് നവാഗത സംവിധായകനായ കരണ്‍ സിംഗ് ത്യാഗിയാണ്. യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ ദി കേസ് ദാസ് ഷൂക്ക് ദി എംപയര്‍ എന്ന പുസ്കത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. അക്ഷയ് കുമാറിനൊപ്പം ആര് മാധവനും അനന്യ പാണ്ഡേയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരണ്‍ ജോഹര്‍ 2021 ല്‍ ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. ദില്ലിയില്‍ ഒരു സുദീര്‍ഘമായ ഷെഡ്യൂളിലെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം അണിയറക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹരിയാനയിലെ റെവാരി ജില്ലയിലും ചില പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചു. റെവാരി റെയില്‍വേ സ്റ്റേഷനും റെവാരി റെയില്‍വേ ഹെറിറ്റേജ് മ്യൂസിയവുമായിരുന്നു അവിടുത്തെ ലൊക്കേഷനുകള്‍ എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ടൈറ്റില്‍ ശങ്കര എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.