തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ തൊടുപുഴയില്‍ പിടിക്കപ്പെട്ട കോതമംഗലം സ്വദേശിനി അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായവാഗ്ധാനവുമായി ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ.പെണ്‍കുട്ടികള്‍ അടക്കം മയക്കുമരുന്ന് ലോബിയുടെ കെണിയില്‍ വീഴുന്ന സാഹചര്യം കണക്കിലെടുത്താണ് സ്കൂള്‍ പി.ടി.ഐ ഇത്തരം ഒരു തീരുമാനത്തില്‍ എത്തിയത്.നിലവില്‍ ലഹരിമരുന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അക്ഷയ ഷാജി. അക്ഷയക്ക് തുടര്‍ ചികിത്സയ്ക്കും, ഉപരിപഠനത്തിനും ആവശ്യമായ സഹായം നല്‍കാനാണ്, അക്ഷയ പ്ലസ് ടു പഠിച്ചിറങ്ങിയ സ്കൂള്‍ പി.ടി.ഐയുടെ തീരുമാനം. മറ്റൊരു പെണ്‍കുട്ടിയും ഇനി ഇത്തരം ചതിക്കുഴിയില്‍ വീഴരുതെന്ന സന്ദേശം ഉയര്‍ത്തിയാണ് പി.ടി.ഐ രംഗത്തുവന്നിട്ടുള്ളത്.പഠനത്തിലും പഠ്യേതരവുമായ കലാപരമായ കഴിവ് ഉണ്ടായിരുന്ന അക്ഷയ ചിത്ര രചനയിലും ആലാപനത്തിലും പ്രഗത്ഭയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ് അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.മികച്ച മാര്‍ക്കോടെ 2018 പ്ലസ് ടു പാസായ അക്ഷയ പിന്നീട് കോതമംഗലം എം.എ കോളജില്‍ 80 ശതമാനം മാര്‍ക്കോടെ ഡിഗ്രി സോഷ്യോളജി പാസാവുകയും, തുടര്‍ പഠനത്തിനായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ചേരുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനു ശേഷം സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തൊടുപുഴ സ്വദേശി യൂനസ് റസാക്കുമായി പ്രണയത്തില്‍ ആയി. പിന്നീട് പഠനം മുടങ്ങി.
ആറുമാസം തൊടുപുഴയിലെ രണ്ട് ടെക്സ്റ്റൈല്‍സില്‍ അക്ഷയ ജോലി ചെയ്തു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്തുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് അക്ഷയയും യൂനസും സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലാകുന്നത്. ഇവരില്‍നിന്ന് 6.6 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്. പോലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്.