ആലപ്പുഴ : ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച ചില സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ജൂലൈ 19ന് സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളില്‍ വൈകുന്നേരത്തോടെ ഛർദ്ദി, വയറു വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും തുടർന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടുകയും ചെയ്തു. കൂടുതലായും എല്‍പി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മിഡ് ഡേ മീല്‍ സ്കീമിൻറെ ഭാഗമായി ചോറും കറികളുമുള്‍പ്പടെ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു നല്‍കിയത്. ഏകദേശം തൊള്ളായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ അറുന്നൂറ്റി ഇരുപതോളം വിദ്യാർഥികള്‍ ആണ് ഉച്ചഭക്ഷണം കഴിച്ചത്.
തുടർന്ന് 34 വിദ്യാർഥികള്‍ക്ക് അസ്വസ്ഥത ഉണ്ടായി. ഇവർ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. ഇതില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ 21 കുട്ടികള്‍ അന്നു രാത്രി പതിനൊന്ന് മണിയോടെ ആശുപത്രി വിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലുള്ള അഞ്ച് കുട്ടികളെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം പിറ്റേന്ന് ( ജൂലൈ 20 ന് ) വിട്ടയച്ചു. എട്ട് കുട്ടികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ജൂലൈ 20 ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്തു നടത്തി. സ്കൂളില്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാർ, പാചകമുറി, ഇവിടേക്ക് വെള്ളം സംഭരിക്കുന്ന ജലസ്രോതസ്സുകള്‍, കുട്ടികള്‍ക്ക് കൈകഴുകാനും കുടിക്കാനും വെള്ളം സംഭരിച്ചു ലഭ്യമാക്കുന്ന സ്രോതസ്സുകള്‍, പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സംഭരിച്ചു വച്ചിരിക്കുന്ന രീതി, അടിസ്ഥാന സൗകര്യങ്ങള്‍, കുട്ടികളുടെ ടോയ്ലറ്റ് സംവിധാനം, സുരക്ഷിതമായ ശുചിമുറികളുടെ ലഭ്യത എന്നിവയെല്ലാം ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് ടീമിൻറെയും ആര്യാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും സ്കൂള്‍ അധികൃതരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷണ സാമ്ബിളുകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തില്‍, വിവിധ ജലസ്രോതസ്സുകള്‍, പാചകത്തിനും കുട്ടികള്‍ വായ കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികള്‍ക്ക് തയ്യാറാക്കുന്ന ഉച്ചഭക്ഷണത്തിൻ്റെ ചെറിയ ഒരു അംശം വിദ്യാലയങ്ങളില്‍ പിറ്റേ ദിവസത്തെ ഭക്ഷണം തയ്യാറാക്കുന്നതുവരെ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം വേണ്ടതിൻ്റെ ആവശ്യകതയും ജില്ല ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് അടിയന്തിര സാഹചര്യത്തില്‍ ഭക്ഷണം പരിശോധനക്ക് വിധേയമാക്കുന്നതിന് ഉപകാരപ്പെടും.