മാന്നാർ : ആലപ്പുഴ മാന്നാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു ഉണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്നാർ കുട്ടമ്പേരൂർ മാടമ്പില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ (രാജ് ഭവൻ) രാജേഷ് കുമാറിന്റെ മകൻ പൃഥ്വിരാജ് (22) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7.30ന് ചെന്നിത്തല വാഴക്കൂട്ടം കടവിലുടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ മാവേലിക്കര ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
ബൈക്ക് ഓടിച്ചിരുന്ന കുരട്ടിക്കാട് കൊച്ചു കടമ്പാട്ടുവിളയില്‍ അജിത്തിന്റെ മകൻ പ്രജിത് പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടുകൂടി മരണം സംഭവിക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.