ആലപ്പുഴ: കുട്ടനാട്ടിലെ പൊങ്ങപ്പാടത്തെ കർഷകർക്ക് മഴയല്ല, സർക്കാർ നല്കിയ മോട്ടോർ പമ്ബുകളാണ് ഇത്തവണ വില്ലനായത്. വെള്ളം പമ്ബ് ചെയ്യാനുള്ള മോട്ടറുകളുടെ പ്രവർത്തനം നിലച്ചതോടെ 145 ഏക്കറോളം പാടം വെള്ളത്തിലാണ്. കൃഷി നിലയ്ക്കുമോ എന്ന ആശങ്കയിലാണ് കർഷകരുള്ളത്. 365 ഏക്കറോളം വരുന്ന പാഠശേഖരമാണ് പൂപ്പള്ളിയിലെ പൊങ്ങപ്പാടം. ഇതില്‍ 145 ഏക്കർ പാടശേഖരമാണ് വെള്ളത്തിലായത്. വെള്ളം വറ്റിക്കാൻ സർക്കാർ നല്കിയ പമ്ബ് തുടർച്ചയായി നാല് തവണ കേടായി. ഓരോ തവണയും മാറ്റി വെച്ചെങ്കിലും ഫലമുണ്ടായില്ല.
അഞ്ചാം തവണയും മോട്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാതായതോടെ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തി. ഡെക്കാൻ കമ്ബനിയുടെ മോട്ടറുകള്‍ ഘടിപ്പിച്ച ഇടങ്ങളില്‍ എല്ലാം മോട്ടറുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കർഷകർക്ക് പറയുന്നത്. ആദ്യം കൊയ്ത്ത് കഴിഞ്ഞ പാടശേഖരമാണ് പൊങ്ങപ്പാടം. തുടർച്ചയായി മോട്ടോറുകള്‍ പ്രവർത്തനക്ഷമം അല്ലാതായതോടെ ജൂണ്‍ ആദ്യം കൃഷി ഇറക്കേണ്ട പാടത്തു ഈയിടെയാണ് വിത്തിറക്കിയത്. മുളച്ചു പൊന്തിയ നെല്‍ക്കതിരുകള്‍ അത്രയും ഇപ്പോള്‍ വെള്ളത്തിലാണ്. കുട്ടനാട് കാർഷിക മേഖല പദ്ധതി 2022-23 പ്രകാരം ലഭിച്ച മോട്ടറുകളാണ് പണി മുടക്കിയത്. ഏക്കറിന് 20000 രൂപയിലധികം മുടക്കിയാണ് വിത്തിറക്കിയത്. പാടം വെള്ളത്തില്‍ ആയതോടെ വിതച്ച നെല്ലെല്ലാം നശിച്ചു പോകുമെന്ന ആശങ്കയിലാണ് ഇവർ.