ആലപ്പുഴ: ആലപ്പുഴ എസ് പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സി ആര്‍ മഹേഷ് എം എല്‍ എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുദ്രവാക്യം വിളിച്ച് ബാരിക്കേഡ് മറികടക്കുകയും ബാരിക്കേഡിന് മുകളില്‍ കയറി പൊലീസിനുനേരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബാരിക്കേഡ് തള്ളി നീക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള നേതാക്കള്‍ ഏറെ നേരെ ജലപീരങ്കി ചെറുത്ത് നിന്നു. പിന്നീട് പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞു പോയി. കഴിഞ്ഞയാഴ്ച കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.