ആലപ്പുഴ: മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ് അര്‍ബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് മിഷൻ – അര്‍ബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സര്‍വേക്ഷണ്‍ ക്ലീൻ സിറ്റി പുരസ്‌കാരമാണ് ആലപ്പുഴ നഗരസഭ കരസ്ഥമാക്കിയത്. വ്യാഴാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ കെ ജയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി.
ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള വിഭാഗത്തിലാണ് ആലപ്പുഴയ്ക്ക് പുരസ്കാരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, കേന്ദ്ര ഹൗസിംഗ്, അര്‍ബൻ അഫയേഴ്‌സ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശല്‍ കിഷോര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളത്തില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ ഷര്‍മിള മേരി ജോസഫ്, ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ എ.എസ്. കവിത, മുനിസിപ്പല്‍ സെക്രട്ടറി എ എം മുംതാസ്, സ്വച്ഛ് സര്‍വ്വേക്ഷന്‍ നോഡല്‍ ഓഫീസര്‍ ജയകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വച്ഛ് സര്‍വ്വേഷന്‍ സര്‍വേയില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം തവണയാണ് ആലപ്പുഴ നഗരസഭ ഒന്നാമതെത്തുന്നത്. നിര്‍മ്മല ഭവനം നിര്‍മ്മല നഗരം മാലിന്യമുക്ത നവകേരളം ക്യാമ്പയിനുകള്‍, മികച്ച ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തെരുവ്- കനാല്‍ സൗന്ദര്യ വല്‍ക്കരണം, ഇടതോടുകളുടെ ശുചീകരണം, എറോബിക് സംവിധാനങ്ങള്‍, ഗാര്‍ഹിക ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം എന്നിങ്ങനെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരമെന്ന് നഗരസഭ അറിയിച്ചു. ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നഗരത്തിലാകെ മിനി എം.സി.എഫ്., എം.സി.എഫ്., ആര്‍.ആര്‍.എഫ്. സംവിധാനങ്ങള്‍ ഒരുക്കി. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് നഗരസഭ കൈവരിച്ച മികവും ഡോക്യുമെന്റേഷനിലൂടെ അപ്ലോഡ് ചെയ്തതും ജനകീയ അഭിപ്രായ സര്‍വ്വേക്കൊപ്പം പുരസ്‌കാര നേട്ടത്തിലേക്കെത്താന്‍ പരിഗണിക്കപ്പെട്ടു.