ആലപ്പുഴ :ആധാർ– വോട്ടർ പട്ടിക ബന്ധിപ്പിക്കലിനു ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ഒരു വർഷത്തിനിടെ ജില്ലയിൽ കുറഞ്ഞത് 58,281 വോട്ടർമാർ. കഴിഞ്ഞ വർഷം ജനുവരി 5നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 17,82,677 വോട്ടർമാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 17,24,396 വോട്ടർമാരാണ് ജില്ലയിലുള്ളത്.
വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ചതോടെ വോട്ടർമാരിലെ ഇരട്ടിപ്പ് കുറഞ്ഞെന്നാണ് വിവരം.സ്ത്രീ വോട്ടർമാരുടെ എണ്ണം 9,32,057ൽ നിന്ന് 9,01,418ആയി. പുരുഷ വോട്ടർമാരുടെ എണ്ണം 8,50,615 ൽ നിന്ന് 8,22,968 ആയി കുറഞ്ഞു. ആകെ 30,639 സ്ത്രീ വോട്ടർമാരും 27,647 പുരുഷ വോട്ടർമാരുടെയും കുറവാണ് ജില്ലയിൽ ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഭിന്നലിംഗ വോട്ടർമാരുടെ എണ്ണം അഞ്ചിൽ നിന്ന് 10 ആയി ഉയർന്നു. ജില്ലയിൽ ഒരു നിയോജക മണ്ഡലത്തിലും വോട്ട് കൂടിയിട്ടില്ല. അരൂർ–3431, ചേർത്തല–4956, ആലപ്പുഴ–8232, അമ്പലപ്പുഴ–7050, കുട്ടനാട്–4492, ഹരിപ്പാട്–8064, കായംകുളം–8096, മാവേലിക്കര–5755, ചെങ്ങന്നൂർ–8185 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടിലുണ്ടായ കുറവ്.
മരണപ്പെട്ടതും താമസം മാറിയതുമായവരെ പുതിയ വോട്ടർപട്ടികയിൽ ഒഴിവാക്കി. പ്രായപൂർത്തിയായവരെ കൂട്ടച്ചേർക്കുകയും ചെയ്താണ് പട്ടിക പ്രസിദ്ധീകരിച്ചത്.