ലണ്ടന്‍: ഇംഗ്ലീഷ് എഫ്.എ കപ്പ് കിരീടം ലിവര്‍പൂളിന്. വെംബ്ലിയില്‍ നടന്ന കരുത്തരുടെ പോരില്‍ ചെല്‍സിയെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും കളി ഗോള്‍രഹിതമായതിനെ തുടര്‍ന്ന് കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. സഡന്‍ ഡെത്തില്‍ ചെല്‍സി താരം മേസണ്‍ മൗണ്ടിന്റെ കിക്ക് തടഞ്ഞ് ഗോള്‍കീപ്പര്‍ അലിസന് ബെക്കര്‍ ലിവര്‍പൂളിന്റെ ഹീറോയായി.
നിശ്ചിത സമയത്ത് ഇരുവശത്തും നിരവധി അവസരങ്ങള്‍ പിറന്നെങ്കിലും ഗോള്‍ പിറന്നില്ല. എക്സ്ട്രാ ടൈമില്‍ പക്ഷേ, ടീമുകള്‍ ഷൂട്ടൗട്ട് ലക്ഷ്യമിട്ടാണ് കളിക്കുന്നതെന്നു തോന്നി. ഷൂട്ടൗട്ടില്‍ ചെല്‍സിക്കു വേണ്ടി രണ്ടാം കിക്കെടുത്ത ക്യാപ്ടന് സെസാര്‍ അസ്പിലിക്വെറ്റയുടെ ഷോട്ട് സൈഡ് ബാറില്‍ തട്ടി പാഴായിരുന്നു.ലിവര്‍പൂളിനു വേണ്ടി കിക്കെടുത്ത ആദ്യ നാലുപേരും ലക്ഷ്യം കണ്ടപ്പോള്‍ സദിയോ മാനെയുടെ നിര്‍ണായകമായ അഞ്ചാം കിക്ക് ചെല്‍സി കീപ്പര്‍ എഡുവാര്‍ഡ് മെന്‍ഡി തടഞ്ഞിട്ടു. ഇതോടെയാണ് കളി സഡന്‍ ഡെത്തിലേക്ക് നീണ്ടത്. ഇരുടീമുകളുടെയും ആറാം കിക്ക് ഗോളിലെത്തിയപ്പോള് ചെല്‍സിക്കു ഏഴാം കിക്കെടുത്ത മൗണ്ടിനു പിഴച്ചു. പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമിട്ടെടുത്ത കിപ്പ് ബെക്കര്‍ വീണു തടഞ്ഞു. തുടര്‍ന്ന് കിക്കെടുത്ത കോസ്റ്റന്റിനോസ് സിമികാസ് മെന്‍ഡിക്ക് അവസരം നല്‍കാതെ വല കുലുക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഫ്.എ കപ്പിന്റെ ചരിത്രത്തില്‍ എട്ടാം തവണയാണ് ലിവര്‍പൂള്‍ കപ്പില്‍ മുത്തമിടുന്നത്. ഇതിനുമുമ്ബ് 2006-ലായിരുന്നു അവരുടെ കിരീടനേട്ടം. ഫെബ്രുവരിയില്‍ നടന്ന ലീഗ് കപ്പ് ഫൈനലിലും ലിവര്‍പൂള്‍ ചെല്‍സിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി കിരീടം നേടിയിരുന്നു.
സീസണില്‍ മൂന്ന് കിരീടം (ട്രെബിള്‍) ലക്ഷ്യമിടുന്ന ലിവര്‍പൂളിന് ആത്മവിശ്വാസം പകരുന്നതായി എഫ്.എ കപ്പ് നേട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു പിറകില്‍ രണ്ടാം സ്ഥാനത്താണവര്‍. രണ്ട് മത്സരം കൂടി ശേഷിക്കെ മൂന്ന് പോയിന്റിന് പിറകിലാണെങ്കിലും സിറ്റി തോറ്റാല്‍ ലിവര്‍പൂളിന്റെ സാധ്യത തെളിയും. ഈ മാസം അവസാനത്തില്‍ യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ റയല്‍ മാഡ്രിഡിനെ നേരിടുന്നുണ്ട്.