താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും തെലുങ്ക് ചലച്ചിത്രതാരം അല്ലു അര്ജുന്. താരം നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു ഇന്നലെ അറസ്റ്റിലായിരുന്നു. ജയില്‍മോചിതനായ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അല്ലു ഇപ്രകാരം പറയുന്നത്.
ഇന്നലെ ഉച്ച മുതല്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയില്‍ വാസത്തിന് പിന്നാലെ അല്ലു അര്ജുൻ പുറത്തിറങ്ങുന്നത്. “മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പം നില്ക്കും. എന്റെ കുടുംബത്തിനും ഇത് വലിയ വെല്ലുവിളികളുടെ സമയം ആയിരുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി. കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും നന്ദി”, അല്ലു അര്ജുന് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച് നടനെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. ഇടക്കാല ജാമ്യം നല്‍കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര് കാത്തുനില്‍ക്കെ പിന്‍ഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചല്‍ഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അര്ജുൻ ഇന്നലെ കഴിഞ്ഞത്. ജയിലിന്റെ പിന് ഗേറ്റ് വഴിയാണ് അല്ലു അര്‍ജുനെ പുറത്തിറക്കിയത്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി മുൻഗേറ്റ് വഴി അല്ലു അര്‍ജുനെ പുറത്തേക്ക് കൊണ്ടുവരേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അല്ലു അർജുനൊപ്പം സംഭവം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റർ ഉടമകളും ജയില്‍ മോചിതരായി. ഇവർക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം വിട്ടയച്ചു. അതേസമയം, ജയില്‍ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയിരുന്നു. എന്നിട്ടും ജയില്‍ മോചനം വൈകി എന്ന് അഭിഭാഷകര്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.