ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഗൗരി ദർശന വള എഴുന്നള്ളത്ത് ചടങ്ങുകൾക്ക് ഇന്ന് തുടക്കം. പുലർച്ചെ 5 ന് അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 108 കലശാഭിഷേകം, ദേവി ഭാഗവത പാരായണം, വിശേഷാൻ പൂജകൾ എന്നിവയ്ക്ക് ശേഷം പഞ്ചവാദ്യം, നാദസ്വരം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ഗൗരിദർശന വള എഴുന്നള്ളത്ത് ഉത്സവം നടക്കും. ഭക്തജന ദർശനത്തിനായി ക്ഷേത്ര ആനകൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ വള പ്രതിഷ്ഠിക്കും.
തുടർന്ന് ക്ഷേത്രത്തിൻ്റെ നാലു നടകളിലും കൂട്ട എഴുന്നള്ളത്ത് നടക്കും. ഗൗരി ദേവിയൊടൊപ്പം പോകുമ്പോൾ ഭഗവതിയുടെ പീഠത്തിൽ നിന്നും ഗൗരിയുടെ വള ലഭിച്ചതായാണ് വിശ്വാസം. ആദ്യ വെള്ളിയാഴ്ച ദിവസങ്ങളിലെ വിളിച്ചു ചൊല്ലി പ്രാർത്ഥന ഉൾപ്പെടെയുള്ള എല്ലാ പതിവ് സമർപ്പണങ്ങളും മഹാപ്രസാദമൂട്ടും നടക്കും. ചടങ്ങുകൾക്ക് തുടക്കം കുറിച്ച് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ നേത്യത്വം നൽകി.