ആലപ്പുഴ : എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ചെറിയ പ്രദക്ഷിണം ഇന്ന് നടക്കും. വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം നാളയും നടക്കും. പള്ളി പരിസരങ്ങള്‍ തമിഴ് വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
ഇന്ന് വൈകിട്ട് 3.45 ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ പള്ളിവികാരി ഫാ. ജെയിംസ് മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അഞ്ചിന് വിശുദ്ധ ഗീവര്‍ഗീസിന്റെ ചെറിയ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിക്ക് ചുറ്റുമായി നടക്കും. ഫാ. സേവ്യര്‍ വെട്ടിത്താനം മുഖ്യകാര്‍മികത്വം വഹിക്കും.
പ്രദക്ഷിണത്തിന് രൂപങ്ങളും, കൊടിയും, കുരിശും വഹിക്കുന്നത് തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ്. കൊടിയേറ്റിന് തലേന്ന് തന്നെ ഇവര്‍ പള്ളിയിലെത്തി താമസം തുടങ്ങിയിരുന്നു. ഇന്ന് രാവിലെയോടെ തുറക്കാര് മുഴുവന്‍ പേരും പള്ളിയിലെത്തും. പള്ളിയുടെ മുന്‍വശത്തെ പമ്പാനദിയില്‍ മുങ്ങിക്കുളിച്ച് വിശുദ്ധന്റെ തിരുസ്വരൂപ ദര്‍ശനത്തിനുശേഷമാണ് ഇവര്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുക. പ്രദക്ഷിണത്തിനു മുന്‍പായി പലരും തലമുണ്ഡനം ചെയ്യുന്ന രീതിയുണ്ട്. പ്രദക്ഷിണത്തിനു ശേഷം ഇവര്‍ പള്ളിയില്‍ നിന്നുള്ള അവകാശ നേര്‍ച്ചകളായ ഉപ്പ്, കുരുമുളക്, മലര്, മല്‍സ്യബന്ധന വലയില്‍ കെട്ടാനുള്ള നൂല് എന്നിവ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ കൈയ്യില്‍ നിന്ന് സ്വീകരിച്ചാണ് മടക്കയാത്ര.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുനാളിന്റെ ഒന്‍പതാം ദിനമായ ഇന്നലെ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് പള്ളിയില്‍ അനുഭവപ്പെട്ടത്. കെ.എസ്.ആര്.റ്റി.സി ഡിപ്പോ മുതല്‍ പള്ളിവരെയുള്ള പാത ഭക്തരേകൊണ്ട് തിങ്ങി നിറഞ്ഞു. തിരുസ്വരൂപം ദര്‍ശിക്കാനുള്ള നീണ്ട ക്യൂ പള്ളിയ്ക്ക് ചുറ്റും കാണപ്പെട്ടു. തിരക്ക് ഏറിയതോടെ രാവിലെ 4.45 മണി മുതല്‍ തമിഴിലും മലയാളത്തിലും മാറിമാറിയാണ് വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും നടക്കുന്നത്. തിരുവനന്തപുരം, പാറശ്ശാല, കൊല്ലം, നെയ്യാറ്റിന്‍കര, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നിവടങ്ങളില്‍ നിന്ന് കെ.എസ്.ആര്.റ്റി.സി. സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആലപ്പുഴ നിന്നും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജലഗതാഗത വകുപ്പും പ്രത്യക സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ മുതല്‍ തമിഴ് കണ്‍വന്‍ഷനും ആരംഭിച്ചു. ഇന്ന് വൈകുന്നേരം ആറിനും കണ്വന്ഷന് നടക്കും.
നാളെ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും കുരിശിന്റേയും അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയ്ക്ക് വലം വെയ്ക്കുമ്പോള്‍ വിശ്വാസികള്‍ തളിര് വെറ്റില, പൂക്കള്‍ എന്നിവ തിരുസ്വരൂപത്തില്‍ അര്‍പ്പിക്കും. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ തിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്.
പള്ളിപരിസരങ്ങളും സെന്റ് അലോഷ്യസ് കോളേജും സ്കൂളും സെന്റ് മേരീസ് സ്കൂളും ജോര്‍ജ്ജിയന്‍ സ്കൂളും ചുറ്റുമുള്ള വീടുകളും പരിസരപ്രദേശങ്ങളും തീര്‍ത്ഥാടകരെകൊണ്ടു നിറഞ്ഞു.
പള്ളിയിൽ എത്തുന്ന തീർത്ഥാടകർക്ക് താമസിക്കുവാനായി എട്ടോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളിയുടെ ഓഡിറ്റോറിയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് തീർത്ഥാടകർ ഇവിടെ കഴിയുന്നുണ്ട്. . താമസസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് പാർപ്പിട കൺവീനർമാരായ റെജി ചെക്കനാട്ട്, ജോബി കണ്ണമ്പള്ളി, ബിബിൻ പോളക്കൻ എന്നിവർ പറഞ്ഞു.
രോഗികള്‍ക്കായി എടത്വ മഹാജൂബിലി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പള്ളിപരിസരത്ത് താല്കാലിക ക്ലീനിക്ക് ആരംഭിച്ചിട്ടുണ്ട്.
ഇന്നും നാളെയും നടക്കുന്ന പ്രദക്ഷിണത്തിന് ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ജെയ്സപ്പന്‍ മത്തായി കണ്ടത്തില്‍, ജോയിന്റ് കണ്‍വീനര്‍മാരായ വര്‍ഗീസ് എം. ജെ, ജിന്‍സി ജോളി, പബ്ളിസിറ്റി കണ്‍വീനര്‍ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ എന്നിവര്‍ പറഞ്ഞു.