ആലപ്പുഴ: നീര്‍നായ ശല്യം രൂക്ഷമായ തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയ ദമ്പതികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് നീര്‍നായുടെ കടിയേറ്റ തലവടി ഗണപതി ക്ഷേത്രത്തിന് സമീപം പമ്പയാറ്റിലെ വിവിധ സ്ഥലങ്ങളാണ് ഉദ്ദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത്. നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റവരെ ഉദ്യോഗസ്ഥര്‍ നേരില്‍കണ്ട് സ്ഥിതിഗതി വിലയിരുത്തി. പ്രളയത്തിന് ശേഷമാണ് നീര്‍നായ ആക്രമണം പെരുകിയതെന്ന് പ്രദേശവാസികള്‍ ഉദ്ദ്യോഗസ്ഥരെ അറിയിച്ചു. നാട്ടുകാരില്‍ നിന്ന് വിവര ശേഖരണം നടത്തിയ ഉദ്ദ്യോഗസ്ഥര്‍ സ്ഥിതിഗതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. നീര്‍നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതോടെ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേത്യുത്വത്തില്‍ നാട്ടുകാര്‍ കളക്ടറിന് നിവേദനം നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അജയകുമാര്‍, ഫോറസ്റ്റ് ഓഫീസര്‍ അഷ്ടമന്‍ പിള്ള എന്നിവര്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശനത്തിന് എത്തിയത്.