ആലപ്പുഴ : കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേത്യുത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസ് പടിക്കൽ സത്യാഗ്രഹ സമരം നാളെ നടക്കും. എംപി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകരണസംഘം ഡയററക്ടര് ബോര്‍ഡ് അംഗങ്ങള്‍, മുന്‍ എംഎല്‍എ മാര്‍, മുന്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, യു.ഡി.എഫ് സംസ്ഥാന – ജില്ലാ – നിയോജകമണ്ഡലം നേതാക്കന്മാര് എന്നിവര്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന് നെല്‍ കര്‍ഷകരാണ് ബാങ്കുകളിൽ പി.ആർ. എസ് നല്കി നെല്‍ വിലയ്ക്കായി കാത്തിരിക്കുന്നത്. പുഞ്ച വിളവെടുപ്പിന്റെ നെല്ല് സംഭരണം സിവില്‍ സപ്ലൈസ് കോര്പ്പറേഷന് മില്ലുടമകളെക്കൊണ്ട് നടത്തി മാസങ്ങല്‍ കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ആയിരക്കണക്കിന് കര്‍ഷകരാണ് ഇതുമൂലം ബാങ്കുകളുടെ ജപ്തി ഭീഷണി നേരിടുന്നത്. ബാങ്കുകളിലെ സിബില്‍ സ്കോര്‍ പരിധികടന്നതിനാല് കര്‍ഷകര്‍ നട്ടം തിരിയുകയാണെന്നും എം.പി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടയില്‍ സംസ്ഥാന സര്‍ക്കാരും കേരള ബാങ്കുമായി ഉണ്ടാക്കിയ ധാരണ പൊതുമേഖലാ ബാങ്കുകളെ ഒഴിവാക്കി കേരളാ ബാങ്കിനെ സഹായിക്കാനാണെന്നും നെല്ലിന്റെ വിലയുമായി ബന്ധപ്പെട്ട് കേരളാ ബാങ്കിന്റെ നിലപാട് കര്‍ഷകര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും എം.പി കുറ്റപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളായ എസ്.ബി.ഐ, കാനറാ ബാങ്ക്, ഷെഡ്യൂള്‍ ബാങ്കായ ഫെഡറല്‍ ബാങ്ക് ഉള്‍പ്പടെയുള്ള ബാങ്കുകള്‍ വഴിയാണ് കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ഇതുവരെ നല്‍കിയിരുന്നത്. സര്‍ക്കാര്‍ പൊടുന്നനെ കേരളാ ബാങ്ക് മുഖേന നെല്ലിന്റെ വില നല്കാന് നടത്തിയ നീക്കം സമ്പൂര്‍ണ്ണ പരാജയമാണ്. നെല്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ഇന്ന് മുതല്‍ കൊടുക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനിലിന്റെ പ്രസ്താവനക്ക് യാതൊരടിസ്ഥാനവുമില്ല.
മന്ത്രിമാര്‍ നെല്‍കർഷകരെ വിഡ്ഡികളാക്കി നടത്തുന്ന പ്രസ്താവനകളല്ല വേണ്ടത്. മറിച്ച് കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാനുള്ള നടപടിയാണ് ആവശ്യമെന്ന് എം.പി പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസ്സന് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷിബു ബേബിജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി.ജോസഫ്, മോന്‍സ് ജോസഫ്, ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി.ദേവരാജന്‍, അനൂപ് ജേക്കബ്, പി.സി വിഷ്ണുനാഥ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് തുടങ്ങിയ നേതാക്കള്‍ സത്യാഗ്രഹ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.