അമ്പലപ്പുഴ: മദ്യപാനവും മദ്യവില്പനയും ഭാര്യ തടഞ്ഞതിനെത്തുടർന്ന് ഭർത്താവ് വീടിനു തീയിട്ടു. തീപിടിത്തത്തിൽ തൊട്ടടുത്ത ഷെഡും ഷെഡിൽ സൂക്ഷിച്ചിരുന്ന മത്സ്യ ബന്ധന ഉപകരണങ്ങളും കത്തിനശിച്ചു. ഭർത്താവ് ഒളിവിൽ പോയി. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് പുതുവൽ വിജയനാണ് വീട് മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്. അനധികൃത മദ്യ വില്പന നടത്തിയതിനെത്തുടർന്നു പോലീസ് പിടികൂടിയ വിജയൻ റിമാൻഡ് കാലാവധിക്കു ശേഷം മൂന്നു ദിവസം മുൻപാണ് പുറത്തിറങ്ങിയത്.
തിരികെയെത്തിയ ഇയാളും ഭാര്യയുമായി മദ്യവില്പനയുടെ പേരിൽ കഴിഞ്ഞ രാത്രിയിൽ വഴക്ക് നടന്നിരുന്നു.
ഒടുവിൽ ഭാര്യയെയും രണ്ടു മക്കളെയും സഹോദരൻ രാത്രിയിൽത്തന്നെ പുന്നപ്രയിലെ വീട്ടിലേക്കു കൊണ്ടു പോയി.
ഇതിനുശേഷം രാത്രി 12ഓടെയാണ് വീടിനു തീപിടിച്ചത്. വിജയൻ മണ്ണെണ്ണയൊഴിച്ചു വീടിനു തീവച്ചതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട് പൂർണമായി കത്തി. വീട്ടുപകരണങ്ങളും മറ്റ് രേഖകളും കുട്ടികളുടെ പഠനോപകരണങ്ങളും എല്ലാം പൂർണമായി കത്തിനശിച്ചു. വീടിനു തൊട്ടടുത്തുണ്ടായിരുന്ന ഷെഡും ഇതിൽ സൂക്ഷിച്ചിരുന്ന നാലു പൊങ്ങുവള്ളങ്ങളും വലയും മറ്റ് ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു. തുടക്കത്തിൽ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് തകഴിയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സമീപത്തെ ഷെഡിനു തീപിടിച്ചതെന്നു കരുതുന്നു.