മുംബൈ : പാകിസ്ഥാൻ സൂപ്പർ ലീഗ് (പി എസ് എല്‍) ടൂർണമെന്റ് പകുതിയില്‍ ഉപേക്ഷിച്ച് അനന്ദ് അംബാനിയുടെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്ടൻ കീരോണ്‍ പൊള്ളാർഡിന് രൂക്ഷവിമർശനം. കറാച്ചി കിംഗ്സ് എന്ന പി എസ് എല്‍ ടീമിന്റെ ഭാഗമായ പൊള്ളാർഡ് മാർച്ച് ഒന്നിനാണ് ഗുജറാത്തിലെ ജാംനഗറിലെത്തിയത്. അംബാനി കുടുംബത്തിലെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രമുഖ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അദ്ദേഹം. പോള്ളാർഡ് ജാംനഗറിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റ് ഇൻഡീസ് ഓള് റൗണ്ടറിന് ആരാധകരില്‍ നിന്ന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ വേണ്ടി മാത്രം പൊള്ളാർഡ് ബാബറിന്റെ ടീമിനെ തകർത്തെന്നും ഇത് തീർത്തും അപമാനകരമാണെന്നും ചിലർ പരിഹസിച്ചു.
കറാച്ചി കിംഗ്സ് ഈ താരത്തെ വിശ്വസിച്ച് എങ്ങനെയാണ് പി എസ് എല്‍ കളിക്കുന്നതെന്ന് ചിലർ ചോദിച്ചു. പി എസ് എല്‍ കളഞ്ഞിട്ട് ഇന്ത്യയില്‍ വന്നു, പി എസ് എല്ലിന്റെ സ്ഥാനം എന്താണെന്ന് തെളിച്ചു, പി എസ് എല്ലിനെ ഓർത്ത് ചിരിക്കാം എന്നിങ്ങനെയും കമന്റുകള്‍ ഉയർന്നു. മുകേഷ് അംബാനിയുടെ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള മുംബയ് ഇന്ത്യൻസ് ഐ പി എല്‍ ടീമിന്റെ ഭാഗമാണ് പൊള്ളാർഡ്. കൂടാതെ റിലയൻസിന്റെ തന്നെ ഉടമസ്ഥതയിലുള്ള എസ് എ20, ഐ എല്‍ ടി20 എന്നിവയുടെയും ഭാഗമാണ് പൊള്ളാർഡ്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ടീമുകളുടെ ഭാഗമായ മറ്റ് താരങ്ങളും വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. അതേസമയം, ഇന്ന് കറാച്ചി കിംഗ്സ് മുള്‍ട്ടാൻ സുല്‍ത്താനുമായി ഏറ്റുമുട്ടുന്ന മത്സരത്തില്‍ പങ്കെടുക്കാൻ പൊള്ളാർഡ് തിരികെ പാകിസ്ഥാനില്‍ എത്തിയിരുന്നു.