വയനാട്: അമ്മയെ കടന്നു പിടിക്കുന്നത് കണ്ടത് സഹിക്കാനാവാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്നും കോടാലി കൊണ്ടാണ് കൊല നടത്തിയതെന്നും മുറിച്ചു മാറ്റിയ കാല്‍ സ്‌കൂള്‍ ബാഗിലാണ് ഉപേക്ഷിച്ചതെന്നും വയനാട് അമ്പലവയലിലെ 15 ഉം 16 ഉം വയസുള്ള സഹോദരിമാരുടെ മൊഴി. പിതാവ് ഉപേഷിച്ചു പോയ ശേഷം തങ്ങളുടെ സംരക്ഷണം അത്രയും ഏറ്റെടുത്തിരുന്ന ബന്ധുവായ മുഹമ്മദ് അമ്മയെ കടന്നു പിടിക്കുന്നത് കണ്ടപ്പോഴാണ് കടും കൈ ചെയ്യേണ്ടി വന്നതെന്ന് ഇരുവരും പറഞ്ഞു.
നിലവിളി കേട്ടെത്തിയ പെണ്‍കുട്ടികള്‍ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു. മരണം സംഭവിച്ചെന്നറിഞ്ഞതോടെ മൃതദേഹം ഒളിപ്പിക്കാനായി ശ്രമം. കത്തി ഉപയോഗിച്ച് വലതു കാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റി. ശരീരത്തിന്റൈ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റില്‍ തള്ളി. മൃതദേഹം ചാക്കിലാക്കാന്‍ പെണ്‍കുട്ടികളുടെ മാതാവും സഹായിച്ചു. ശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പെണ്‍കുട്ടികളുടെ സഹോദരനും ഇവരോടൊപ്പമായിരുന്നു താമസം. എന്നാല്‍, അടുത്തിടെ മുഹമ്മദ് ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെച്ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം നാളുകളായി കുടുംബത്തില്‍ നിലനിന്ന കലഹമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലി, മുറിച്ച് മാറ്റിയ കാല്‍ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ബാഗുമാണ് മുഹമ്മദിന്റെ വീട്ടില്‍ നിന്നും പരിസരത്ത് നിന്നുമായി കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം പെണ്‍കുട്ടികള്‍ ഉപേക്ഷിച്ച മുഹമ്മദിന്റെ മൊബൈല്‍ ഫോണും കണ്ടെത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും കൊല നടന്ന അമ്പലവയലിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്. പെണ്‍കുട്ടികളെ പുറത്ത് നിര്‍ത്തി ആദ്യം അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി. തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും മുഹമ്മദിന്റെ വലത് കല്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച വാക്കത്തിയും വീട്ടിലെ മുറിയില്‍ നിന്ന് കണ്ടെടുത്തു. മുഹമ്മദിന്റെ മൊബൈല്‍ ഫോണും കണ്ടെത്തി.
കൊല നടത്തി പ്രതികള്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ സൂചനകളും വീട്ടില്‍ ഉണ്ടായിരുന്നു. രക്തം കറയുള്ള ഭാഗങ്ങള്‍ മണ്ണിട്ട നിലയിലായിരുന്നു. പ്രതികള്‍ക്ക് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിഗമനം. മുറിച്ചു മാറ്റിയ മുഹമ്മദിന്റെ വലതു കാല്‍ ഓട്ടോ വിളിച്ചാണ് പെണ്‍കുട്ടി അമ്പലവയല്‍ ടൗണിന് സമീപം ഉപേക്ഷിച്ചത്. സ്‌കൂള്‍ ബാഗിലാണ് മുറിച്ച് മാറ്റിയ കാല്‍ ഒളിപ്പിച്ചത്.
എന്നാല്‍, പെണ്‍കുട്ടികളെക്കൊണ്ട് മാത്രം ഈ കൃത്യം ചെയ്യാന്‍ പറ്റില്ലെനും തന്റെ ആങ്ങളയും പെണ്‍കുട്ടികളുടെ പിതാവുമായ സുബൈറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും മുഹമ്മദിന്റെ ഭാര്യ ആരോപിച്ചു. മുഹമ്മദിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് ഭാര്യ പറഞ്ഞു. മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
കൊല നടത്തി മുറിച്ചു മാറ്റിയ വലതുകാല്‍ അമ്പലവയല്‍ ടൗണിനടുത്തുള്ള മാലിന്യ പ്ലാന്റിന് സമീപവും മൊബൈല്‍ ഫോണ്‍ മ്യൂസിയം പരിസരത്തുമാണ് ഉപേക്ഷിച്ചത്. 3 പേരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കല്‍പ്പറ്റ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലും അമ്മയെ ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് ഹാജരാക്കുക. ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.