കൊച്ചി: ശമ്പളം നൽകാത്തതിനെ തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്. 2010 ല്‍ ആരംഭിച്ച 108 ആംബുലൻസ് പദ്ധതിയില്‍ ആദ്യമായിട്ടാണ് ഇത്രയും ദിവസം സർവീസ് നിർത്തിവച്ചുകൊണ്ടുള്ള സമരം നടക്കുന്നത്. രണ്ടു മാസത്തെ ശമ്പളം എത്രയും പെട്ടെന്ന് നല്‍കുക, ഇൻക്രിമെന്റ് നടപ്പിലാക്കുക, ജീവനക്കാരെ അനാവശ്യമായി സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ 108 ആംബുലൻസ് ജീവനക്കാർ സംസ്ഥാനത്ത് പണിമുടക്കുന്നത്.
നാല് ദിവസമായി സംസ്ഥാനത്ത് 108 ആംബുലൻസ് സേവനം നിലച്ചെങ്കിലും നടപടികള്‍ കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം സിഐടിയു സംസ്ഥാന സെക്രട്ടറി ഗോപിനാഥമായും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രതിനിധികളുമായും കമ്പനി സംസ്ഥാന മേധാവി ശരവണൻ നടത്തിയ ചർച്ച വിജയം കണ്ടില്ല. സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നല്‍കാമെന്ന കമ്പനി നിലപാട് സിഐടിയു നിരാകരിച്ചു. സർക്കാരില്‍ നിന്ന് 10 കോടി അടുത്തിടെ കിട്ടിയിട്ടും സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നല്‍കാം എന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നാണ് സിഐടിയു ഭാരവാഹികള്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടയില്‍ വെള്ളിയാഴ്ച സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം സ്വകാര്യ കമ്പനി ജീവനക്കാർക്ക് വിതരണം ചെയ്തു. കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം വിതരണം ചെയ്യുമെന്നാണ് സ്വകാര്യ കമ്പനിയുടെ നിലപാടെ ന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇതോടെ സമരം തുടരാനാണ് സിഐടിയു തീരുമാനം.