ചിക്കാഗോ : അമേരിക്കയുടെ പിന്തുണ ഇസ്രായേലിനാണെന്നും, ഗാസയിലെ ജനങ്ങളുടെ അവകാശത്തെ തങ്ങൾ പിന്തുണയ്ക്കുമെന്നും യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡനൊപ്പം ചേർന്ന് താൻ പ്രയത്നിക്കുന്നുണ്ടെന്നും കമല വ്യക്തമാക്കി. പാർട്ടിയുടെ സ്ഥാനാർത്ഥിത്വം സ്വീകരിച്ചതിന് ശേഷം ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പരാമർശം.
ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ടെന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുകയാണെന്നും കമല ഹാരിസ് ആവർത്തിച്ചു. ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്. ഈ നിലപാടിൽ ഞാൻ ഉറച്ച് നിൽക്കുകയാണ്. അവർക്ക് സ്വയം പ്രതിരോധത്തിനുള്ള എല്ലാ കരുത്തുമുണ്ടെന്ന് ഉറപ്പാക്കാനും ഞാൻ ശ്രമിക്കും. കാരണം ഹമാസ് എന്ന ഭീകരസംഘടനയെ ഇനിയൊരിക്കലും ഇസ്രായേൽ ജനതയ്ക്ക് അഭിമുഖീകരിക്കേണ്ടി വരരുത്. ഒക്ടോബർ ഏഴിന് ഉണ്ടായ ആക്രമണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. സംഗീതനിശയിലേക്ക് ഇരച്ചുകയറിയ ഭീകരർ ലൈംഗികാതിക്രമവും കൂട്ടക്കൊലയും നടത്തുകയായിരുന്നു. അതോടൊപ്പം തന്നെ ഗാസയിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കേണ്ട സമയമാണിതെന്നും ഞാൻ വിശ്വസിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാസയിൽ ഇനിയും രക്തച്ചൊരിച്ചിൽ ഉണ്ടാകരുത്. ഈ പ്രശ്നം പരിഹരിക്കപ്പെടണം. നിരപരാധികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ആളുകൾ സ്വയരക്ഷയ്ക്കായി പലായനം ചെയ്യുന്ന സാഹചര്യമാണ് അവിടെ. വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഞാനും പ്രസിഡന്റ് ജോ ബൈഡനും രാപ്പകലില്ലാതെ പ്രയത്നിക്കുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കാനും, വെടിനിർത്തൽ കരാർ നടപ്പിലാക്കാനുമുള്ള സമയമാണ് ഇനി മുന്നിലുള്ളതെന്നും കമല ഹാരിസ് വ്യക്തമാക്കി.