താരമൂല്യത്തിനൊത്തുള്ള വിജയങ്ങള്‍ സമീപകാലത്ത് ലഭിച്ചിട്ടില്ലെങ്കിലും ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ ജനപ്രീതിയെ അത് ബാധിച്ചിട്ടില്ല. അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ സംബന്ധിച്ച വിവരങ്ങളൊക്കെ നേടുന്ന വാര്‍ത്താപ്രാധാന്യത്തിന്‍റെ കാരണം അതാണ്. പല അപ്കമിംഗ് പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട് ആമിറിന്‍റെ പേര് സമീപ വാരങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു ചിത്രവും സംവിധായകനും കൂടി വരികയാണ്.
താന്‍ നായകനാവുന്ന ഒരു സൂപ്പര്‍ഹീറോ ചിത്രത്തിന്‍റെ പ്ലാനിംഗിനെക്കുറിച്ച് ആമിര്‍ തന്നെയാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് ആമിര്‍ ഖാനെ നായകനാക്കി സൂപ്പര്‍ഹീറോ ചിത്രം ഒരുക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകേഷും ഞാനും ഒരു ചിത്രത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് അത്. വലിയ സ്കെയിലില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് അത്. അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ ആ സിനിമയുടെ ചിത്രീകരണം തുടങ്ങും, ആമിര്‍ ഖാന്‍ പറഞ്ഞു.
രാജ്കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ താന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം പികെയുടെ സീക്വലിനെക്കുറിച്ച് പുറത്തെത്തിയ റിപ്പോര്‍ട്ടുകളും അഭിമുഖത്തില്‍ ആമിര്‍ തള്ളിക്കളഞ്ഞു. മറിച്ച് രാജ്കുമാര്‍ ഹിറാനിയുമായി ഇനി ഒന്നിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാല്‍ക്കെയുടെ ജീവചരിത്ര ചിത്രത്തിനുവേണ്ടി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പികെ 2 എന്നത് വെറും പ്രചരണം മാത്രമാണ്. മറിച്ച് ദാദാസാഹേബ് ഫാല്‍ക്കെയുടെ ജീവചരിത്ര ചിത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞാനും രാജുവും (രാജ്‍കുമാര്‍ ഹിറാനി) അതിനുവേണ്ടി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്, ആമിര്‍ ഖാന്‍ പറഞ്ഞു. ഏറെക്കാലമായി താന്‍ കൊണ്ടുനടക്കുന്ന സ്വപ്നമായ മഹാഭാരതം പ്രോജക്റ്റിനെക്കുറിച്ചും ഇതേ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറയുന്നുണ്ട്-
മഹാഭാരതം കഴിഞ്ഞ 25 വര്‍ഷമായുള്ള എന്‍റെ സ്വപ്നമാണ്. അത് കേവലം ഒരു ചിത്രമല്ല. നിങ്ങള്‍ മഹാഭാരതം നിര്‍മ്മിക്കുമ്പോള്‍ നിങ്ങള്‍ ഒരു സിനിമ നിര്‍മ്മിക്കുകയല്ല ചെയ്യുന്നത്, മറിച്ച് നിങ്ങള്‍ സ്വയം സമര്‍പ്പിക്കുകയാണ്. ഞാന്‍ ശ്രമിക്കുകയാണ്. പക്ഷേ ആ സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ എനിക്ക് സാധിക്കുമോ എന്ന് എനിക്ക് അറിയില്ല, ആമിര്‍ ഖാന്‍ പറയുന്നു. അതേസമയം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയില്‍ ആമിര്‍ ഖാന്‍ അതിഥിതാരമായി എത്തുന്നുണ്ട്.