കൊച്ചി: അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചുള്ള പരാമർശങ്ങളിൽ നടൻ വിനായകനെ പരസ്യമായി തള്ളിപ്പറഞ്ഞ് താര സംഘടന. നടൻ വിനായകന്‍റെ ഇത്തരത്തിലുള്ള പ്രവർത്തികളിൽ താര സംഘടന വാർത്താക്കുറിപ്പിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. മലയാള സിനിമയുടെ യശസ്സ് അന്തർ ദേശീയ തലത്തിൽ ഉയർത്തിയ പത്മ വിഭൂഷൺ ജേതാക്കളായ അടൂർ ഗോപാലകൃഷ്ണൻ, യേശുദാസ് എന്നീ മഹനീയ വ്യക്തിത്വങ്ങളെ സമൂഹമധ്യത്തിൽ അപകീർത്തിപരമായ ഭാഷകൊണ്ട് അധിക്ഷേപിച്ച വിനായകന്റെ ചെയ്തികളിൽ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അമർഷവും, ഖേദവും രേഖപ്പെടുത്തുകയും, പ്രസ്തുത വിഷയത്തിലുള്ള അമ്മയുടെ പ്രതിഷേധം ഇതിനാൽ രേഖപ്പെടുത്തുകയും ചെയുന്നു എന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ട് വിനായകൻ അധിക്ഷേപ പരാമർശം നടത്തിയത്. യേശുദാസിന്റെ ചിത്രമടക്കം പങ്കുവെച്ചായിരുന്നു അധിക്ഷേപം. നേരത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ടും വിനായകൻ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പൊതു സമൂഹത്തിലും സോഷ്യൽ മീഡിയയിലും വലിയ വിമർശനം ഉയരുന്നതിനിടെയാണ് വിനായകന്‍റെ ഇത്തരം പരാമർശങ്ങൾ തള്ളി ‘അമ്മ’ രംഗത്തെത്തിയത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ താര സംഘടനയിലെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്നും ‘അമ്മ’ അറിയിച്ചു. മെമ്മറി കാർഡ് വിഷയവുമായി ബന്ധപ്പെട്ട് ആദ്യന്തര അന്വേഷണത്തിനായി അഞ്ചംഗ സമതിയെ രൂപീകരിക്കുകയും, പ്രസ്തുത വ്യക്തികളുടെ ലഭ്യതയും സമയവും അനുസരിച്ച് 60 ദിവസത്തിനുളിൽ റിപ്പോർട്ട് സമർപ്പിക്കാനും കമ്മറ്റി മീറ്റിംഗിൽ തീരുമാനമായി.

ഇന്നലെ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയായെന്നും പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും അമ്മ അധ്യക്ഷ ശ്വേത മേനോൻ നേരത്തെ പറഞ്ഞിരുന്നു. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗം ഇന്നലെ കൊച്ചിയിലാണ് ചേര്‍ന്നത്. പുതിയ ഭരണസമിതിയുടെ ആദ്യ യോഗമാണ് അമ്മ ഓഫീസിൽ ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ചത്.

സമീപകാലവിവാദങ്ങളെത്തുടർന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു പ്രധാന അജണ്ട. ഓണവുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കാൻ സംഘടനയിൽ ആലോചനയുണ്ട്. വിവാദങ്ങളെത്തുടർന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് നടന്ന തെരഞ്ഞെടുപ്പിലാണ് ശ്വേതാ മേനോൻ പ്രസിഡന്‍റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും വിജയിച്ചത്.