തിരുവനന്തപുരം :താരസംഘടനയ്ക്കെതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വ്വതി തിരുവോത്ത്. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ രൂക്ഷ വിമർശനം.അമ്മ അല്ല എഎംഎംഎ ആണെന്നും സംഘടനയില്‍ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുന്നു എന്നത് എന്തോ ചാരിറ്റി നല്‍കുന്നുവെന്ന പോലെയാണെന്നും പാര്‍വതി ചൂണ്ടിക്കാണിച്ചു.
സംഘടനയ്ക്കുള്ളില്‍ കൃത്യമായ ഭാരവാഹി തെരഞ്ഞെടുപ്പ് അല്ല നടക്കുന്നതെന്നും പാര്‍വതി കുറ്റപ്പെടുത്തി.
പാര്‍വതിയുടെ വാക്കുകള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മ എന്ന പേര് ഞാന്‍ വീണ്ടും വീണ്ടും നിഷേധിക്കും. അത് എഎംഎംഎ ആണ്. അവിടെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുന്നു എന്നത് എന്തോ ചാരിറ്റി നല്‍കുന്നു എന്ന പോലെ 17 അംഗ കമ്മിറ്റിയില്‍ നാല് പേര് ചേര്‍ക്കുക. അതില്‍ തന്നെ ഒരു തെരഞ്ഞെടുപ്പോ പിന്തുണയോ ഉണ്ടാകരുത് എന്നവര്‍ ഉറപ്പ് വരുത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കൈപൊക്കിയിട്ട് വോട്ട് പാസാക്കുന്ന പോലെയുള്ള പ്രവണതയാണ് അവിടെ. അല്ലാതെ കൃത്യമായ ഒരു തെരഞ്ഞെടുപ്പ് ഒന്നും ഒരിക്കലും അവിടെ നടക്കുന്നില്ല. ഞാന്‍ അവിടെ ഉള്ള സമയത്ത് ഒരിക്കലും അവിടെ അങ്ങനെ ഉണ്ടായിട്ടില്ല. എഎംഎംഎയെക്കുറിച്ച് പറയുന്നതില്‍ കാര്യമില്ല. അതിജീവിച്ചയാളെ പിന്തുണയ്ക്കുന്നു എന്ന് റൂമിന് അകത്ത് പറയുകയും പുറത്ത് ഇറങ്ങിയാല്‍ നിശബ്ദത പാലിക്കുകയും ചെയ്യുന്നവരാണ് അവര്‍.
എനിക്ക് എതിരെ കോടതിയില്‍ ഒരു കേസ് നടക്കുന്നുണ്ട്. അതിനാല്‍ തന്നെ എനിക്ക് പല കാര്യങ്ങളും തുറന്നു പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. നമ്മുടെ വായ മൂടുക എന്നത് വലിയ ഒരു പ്രവണത തന്നെയാണ്. എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. പ്രതികരിക്കുക, നീതിയ്ക്ക് വേണ്ടി സംസാരിക്കുക എന്നീ കാര്യങ്ങള്‍ക്ക് പോലും അവകാശം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ എനിക്ക് വലിയ സങ്കടമുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഒരു മണിക്കൂര്‍ മുന്നേ ഇറങ്ങിയ തലക്കെട്ട് ഞാന്‍ വായിച്ചിരുന്നു അതില്‍ ഹേമയുടെ തന്നെ വാക്കുകള്‍ പറയുന്നത് ഈ റിപ്പോര്‍ട്ട് കോണ്‍ഫിഡന്‍ഷ്യല്‍ ആണ്, അത് പുറത്ത് വരില്ല. വേണമെങ്കില്‍ ഈ സ്ത്രീകള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാം എന്നാണ്.
ഈ മൂന്നംഗ കമ്മറ്റിയുടെ മുന്നിലിരുന്ന് ഞാനടക്കമുള്ള നിരവധി സ്ത്രീകള്‍ നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ നമുക്ക് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് ‘അയ്യോ അത് കഷ്ടമായി പോയി, ഇങ്ങനെയൊക്കെ സംഭവിക്കുമോ’ എന്ന് പറഞ്ഞവരാണ് ഈ മൂന്ന് പേര്‍. അതില്‍ ഒരാള്‍ നടി ശാരദ പറയുന്നത് കോണ്‍ഫിഡന്‍ഷ്യല്‍ ആക്കണം എന്ന് പറഞ്ഞിട്ടില്ല എന്നാണ്. ജസ്റ്റിസ് ഹേമ ഇത് കോണ്‍ഫിഡന്‍ഷ്യല്‍ ആണ്, പുറത്ത് പറയാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. നമ്മള്‍ ഇവരോട് എല്ലാ വിശ്വാസവും അര്‍പ്പിച്ച് തുറന്ന് സംസാരിച്ച ശേഷം നമുക്ക് ലഭിക്കുന്നത് ഇത്തരം ഉത്തരങ്ങളാണ്.
നീതി എന്നത് നമുക്ക് ഉള്ളതല്ല എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. അതില്‍ അത്യധികം നിരാശയും ദേഷ്യവുമുണ്ട്. നാല് വര്‍ഷത്തോളമായി ഹേമ കമ്മറ്റി രൂപീകരിച്ചിട്ട്. രണ്ടു വര്‍ഷത്തോളം എടുത്തു അവര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍. ഈ രണ്ടു വര്‍ഷത്തിന് ശേഷം നിശബ്ദതയാണ്, അത് കമ്മറ്റിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും. അവസാനം അവരെക്കൊണ്ട് പറയിപ്പിക്കേണ്ടി വന്നതാണ്. ഇപ്പോഴും എന്തോ ബുദ്ധിമുട്ടിക്കുന്നു എന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്.
ഡബ്ല്യുസിസി മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും അദ്ദേഹത്തിന് ഇതിന്റെ തീവ്രത മനസ്സിലാവുകയും ചെയ്തതിനാലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. എന്നിട്ടു ഈ രണ്ടു വര്‍ഷ കാലത്തോളമായി കത്തുകളിലൂടെയും മീറ്റിങ്ങുകളിലൂടെയും എങ്ങനെ സിനിമ മേഖല കൂടുതല്‍ സുതാര്യമാക്കാം എന്ന് ഡബ്ല്യുസിസി പറഞ്ഞിട്ടുണ്ട്. അതിലെ മുഖ്യമായ കാര്യമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുക എന്നത്.
ഇവര്‍ ഇത് പുറത്തുവിടാതിരിക്കാന്‍ തത്ത പറയുന്ന പോലെ പറഞ്ഞോണ്ടിരിക്കുന്നത് അതിജീവിച്ചവരുടെ പേര് എഴുതിയിട്ടുണ്ട് എന്നാണ്. ഞാന്‍ മൊഴി കൊടുക്കുന്ന സമയത്ത് നിങ്ങളുടെ പേര് ഇതില്‍ ഉണ്ടാകില്ല ഏന് പറഞ്ഞിട്ടുണ്ട്. അതുപോലെ പലര്‍ക്കും ഇവർ വാക്ക് നല്‍കിയിട്ടുണ്ട്. അതിനു ശേഷം ഇവരുടെ പേര് എഴുതി, അത് ഒരു കാരണമാക്കി റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല.
2021 ഏപ്രിലില്‍ മുഖ്യമന്ത്രിയുമായി നടത്തിയ മീറ്റിങ്ങില്‍ പിണറായി വിജയന്‍ സാര്‍ നമ്മള്‍ ഇതിനെ ലഘുവായി എടുക്കില്ല, ഇതിയിലേക്ക് വേണ്ടുന്ന നടപടി ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും കോവിഡ് കാലമാണ്, സര്‍ക്കാരിന് മറ്റു പല കാര്യങ്ങളും ഉണ്ടാകും. എന്നാല്‍ ഈ സമയത്ത് ലൈംഗീക അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ അധികം കാലം നമുക്ക് കാത്തിരിക്കാന്‍ പറ്റുന്നില്ല. ഹേമ കമ്മിറ്റിയില്‍ നമുക്ക് പ്രതീക്ഷയില്ല. ഒരാള്‍ നിങ്ങള്‍ എന്തിനാ സിനിമ ചെയ്യുന്നത് എന്നാണ് ചോദിക്കുന്നത്, മറ്റെയാള്‍ റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്നും പറയുന്നു. വായുമലിനീകരമാണ് എങ്കില്‍ നിങ്ങള്‍ ശ്വസിക്കണ്ട ചത്തുപൊയ്ക്കൊള്ളൂ എന്ന് പറയുന്ന പോലെയാണിത്. ജസ്റ്റിസ് ഹേമ കുറ്റവാളികളെ സംരക്ഷിക്കാന്‍ അല്ല റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആ പ്രതീക്ഷയും പോയിരിക്കുന്നു. ഇപ്പോള്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കില്‍ അത് സര്‍ക്കാരില്‍ മാത്രമാണ്.